കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പോലീസുകാരനെതിരെ വകുപ്പുതല നടപടിക്ക് പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ കളമശ്ശേരി എആര്‍ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷിനെതിരെയാണ് നടപടിക്ക് ശുപാര്‍ശ.
കേസില്‍ പ്രതിയെ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനും പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച അനീഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. പള്‍സര്‍ സുനിയെ ചോദ്യംചെയ്യാന്‍ പൊലീസ് ക്ലബ്ബില്‍ കൊണ്ടുവരും വഴിയാണ് അനീഷിന്റെ ഫോണില്‍നിന്ന് സുനി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.
കേസില്‍പ്പെട്ടു എന്ന തരത്തില്‍ ശബ്ദസന്ദേശം ദിലീപിന് അയച്ചു. അനീഷിന്റെ സഹായത്തോടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലും സംവിധായകന്‍ നാദിര്‍ഷായെയും പള്‍സര്‍ സുനി ബന്ധപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചു. ദിലീപിനെ ബന്ധപ്പെടാന്‍ പള്‍സര്‍ സുനി ഉപയോഗിച്ച ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
എന്നാല്‍, സിംകാര്‍ഡ് കണ്ടെത്താനായില്ല. ഇതിനിടെ തനിക്കു തെറ്റുപറ്റിയതായി കാട്ടി അനീഷ് അന്വേഷണ സംഘത്തെ സമീപിച്ച് മാപ്പപേക്ഷ നല്‍കി. മാപ്പപേക്ഷയിലുള്ള വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് പോലീസുകാരനെ അറസ്റ്റു ചെയ്ത് വിട്ടയച്ചത്.
















