ന്യൂയോര്‍ക്ക്: അമേരിക്കന്‍ താരങ്ങള്‍ മാറ്റുരച്ച കലാശക്കളിയില്‍ കളിക്കൂട്ടുകാരിയെ കീഴ്‌പ്പെടുത്തി സ്ലൊയേന്‍ സ്റ്റീഫന്‍സ് യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. നേരിട്ടുളള സെറ്റുകള്‍ക്കാണ് സ്റ്റീഫന്‍സ് കൂട്ടുകാരിയായ മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചത്.സ്‌കോര്‍ 6-3,6-0.
ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ സ്റ്റീഫന്‍സിന്റെ കന്നിക്കിരീടമാണിത്. വനിതകളുടെ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന അഞ്ചാമത്തെ അണ്‍സീഡ് താരമാണ് സ്റ്റീഫന്‍സ്. ഇതിന് മുമ്പ് യുഎസ് ഓപ്പണ്‍ നേടിയ അണ്‍സീഡ് താതം കിം ക്ലിസ്‌റ്റേഴ്‌സാണ്.
സ്റ്റീഫന്‍സിന്റെ കരിയറിലെ ഏറ്റവും വലിയവിജയമാണിത്. കലാശക്കളിയില്‍
മികച്ച പോരട്ടാമാണ് കാഴ്ചവെച്ചത്. മൂന്ന് പോയിന്റു മാത്രം നല്‍കി ആദ്യ സെറ്റ് സ്വന്തമാക്കിയ സ്റ്റീഫന്‍സ് രണ്ട് സെറ്റില്‍ ഒറ്റ പോയിന്റു വിട്ടുകൊടുത്തില്ല. കഴിഞ്ഞ പതിനേഴു മത്സരങ്ങളില്‍ സ്റ്റീഫന്‍സിന്റെ പതിനഞ്ചാം വിജയമാണിത്.
1976 നു ശേഷം ഇതാദ്യമായാണ് യുഎസ് ഓപ്പണിന്റെ വനിതാ ഫൈനലില്‍ ഒരു സെറ്റുപോലും നേടാതെ ഏതിരാളി കീഴടങ്ങുന്നത്. 76 ല്‍ ക്രിസ് എവര്‍ട്ടാണ് ഒരു സെറ്റും വിട്ടുകൊടുക്കാതെ ഇവോണ്‍ ഗൂലാഗോങ്ങിനെ തോല്‍പ്പിച്ച് (6-3,6-0) കിരീടം നേടിയത്.
പരിക്കിനെ തുടര്‍ന്ന് പതിനൊന്ന് മാസം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സ്റ്റീഫന്‍സ് ജൂലൈയിലാണ് കളിക്കളത്തിലേക്ക് തിരിച്ചുവന്നത്.
യുഎസ് ഓപ്പണ്‍ നേടിയതോടെ സ്റ്റീഫന്‍സിന് ലോക റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തേയ്‌ക്ക് ഉയരും. രണ്ടാം സ്ഥാനം നേടിയ മാഡിസണ്‍ കീസ് 12-ാം സ്ഥാനത്തെത്തും.
പുരുഷന്മാരുടെ ഫൈനലില്‍ ലോക ഒന്നാം നമ്പറായ റാഫേല്‍ നദാല്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിടും.
















