കൊല്‍ക്കത്ത: നൂറുകോടിയിലേറെ ചിലവഴിച്ച് നവീകരിച്ച കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ക്കായി ഫിഫയ്‌ക്ക് താല്‍ക്കാലികമായി കൈമാറി.
ഒക്‌ടോബര്‍ 29 ന് ലോകകപ്പ് ഫൈനല്‍ കഴിയുന്നതുവരെ സ്‌റ്റേഡിയത്തിന്റെ നിയന്ത്രണം ഫിഫയ്‌ക്കായിരിക്കും. ലോകകപ്പിന് വേദിയൊരുക്കുന്ന ആറു സ്‌റ്റേഡിയങ്ങളില്‍ ഫിഫയ്‌ക്ക് കൈമാറുന്ന ആദ്യത്തെ സ്‌റ്റേഡിയമാണ് സാള്‍ട്ട് ലേക്ക്. ഒക്‌ടോബര്‍ ആറിന് ലോകകപ്പ് ആരംഭിക്കും.
പുതുക്കിപണിത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ 66687 സീറ്റുണ്ട്. ഫൈനല്‍ ദിനത്തില്‍ സ്‌റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷയെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി പറഞ്ഞു.
ഇംഗ്ലണ്ട്, ചിലി, മെക്‌സിക്കോ, ഇറാക്ക് ടീമുകള്‍ ഇവിടെ ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കും. മുംബൈയിലെ പരിശീലനത്തിനുശേഷം ഈ ടീമുകള്‍ ഒക്‌ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ എത്തിച്ചേരും.
കൊല്‍ക്കത്തയൊഴിച്ചുളള വേദികളില്‍ ടിക്കറ്റ് വില്‍പ്പനകേന്ദ്രങ്ങള്‍ ആരംഭിക്കും. ഗോവയില്‍ കഴിഞ്ഞയാഴ്ച ടിക്കറ്റ് വില്‍പ്പനകേന്ദ്രം തുറന്നു. ഗോവയില്‍ നല്ല രീതിയില്‍ ടിക്കറ്റ് വില്‍പ്പന നടക്കുന്നുണ്ടെന്ന് സെപ്പി പറഞ്ഞു.
കൊല്‍ക്കത്തയില്‍ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുന്നതിനാലാണ് അവിടെ ടിക്കറ്റ് വില്‍പ്പന കേന്ദ്രം തുറക്കാത്തതെന്ന് സെപ്പി വെളിപ്പെടുത്തി.
















