കണ്ണൂര്‍: കോളനികളില്‍ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയിലൂടെ ആദിവാസികളില്‍ വെളിച്ചമെത്തിക്കുകയെന്ന മഹാലക്ഷ്യത്തിനാണ് ജില്ലാപഞ്ചായത്ത് തുടക്കമിടുന്നതെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയിലൂടെ ജലം, വായു, ഭക്ഷണം എന്നിവ പോലെ വിദ്യാഭ്യാസവും എല്ലാവര്ക്കും തുല്യമായി ലഭ്യമാകേണ്ട ഒന്നാണെന്ന ഗാന്ധിയന്‍ ദര്‍ശനമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. അറിവ് നല്‍കുന്നതോടൊപ്പം ആദിവാസികളുടെ ആരോഗ്യ സാമൂഹ്യനിലവാരവും മെച്ചപ്പെടുത്തുന്നതിന് തയ്യാറാക്കിയ പദ്ധതിയുടെ വിജയത്തിന് എല്ലാവരുടെയും പങ്കാളിത്തം അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ചാവശ്ശേരി പറമ്പ് കോളനിയിലെ കാര്‍ത്യായനി, കോളയാട് എടയന്ചാലില് സ്വദേശിനികളായ രമ്യ, ശരണ്യ എന്നിവര്‍ക്ക് മന്ത്രി പദ്ധതിയുടെ രൂപരേഖ കൈമാറി.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ. വി.സുമേഷ് അധ്യക്ഷനായി മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായി. മുന്‍ പിഎസ്സി അംഗം പി. മോഹന്‍ദാസ് പദ്ധതി വിശദീകരിച്ചു.
ആദിവാസി മേഖലകളില്‍ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് സാക്ഷരതാ തുല്യതാ ക്ലാസുകള്‍ ആരംഭിക്കുക. ജില്ലയിലെ 413 കോളനികളിലെ നിരക്ഷരരെ 2018 മാര്‍ച്ച് 31 നകം സാക്ഷരതയിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: