അടൂരില്‍ ആരംഭിച്ച വിശ്വഹിന്ദു പരിഷത്ത് സേവാ വിഭാഗം ബാലകാരുണ്യം വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സഹസേവാ പ്രമുഖ് മധുകര്‍റാവു ദീക്ഷിത് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ദയാനന്ദ സരസ്വതി, കെ.പി. നാരായണന്, ജയചന്ദ്രന് ഉണ്ണിത്താന്, പി.എം. രവികുമാര്‍, എം.സി. വത്സന് സമീപം
അടൂര്‍: ഭാരതത്തിലെവിടെയും ഒരേ തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളാണ് വിശ്വഹിന്ദു പരിഷത്ത് നടത്തുന്നതെന്ന് അഖിലേന്ത്യാ സഹസേവാ പ്രമുഖ് മധുകര്‍ റാവു ദീക്ഷിത് പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സേവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ നടക്കുന്ന ബാലകാരുണ്യം-2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സേവാ പരമോ ധര്‍മ്മം’ അടിസ്ഥാനമാക്കി ഹിന്ദു സംസ്കാരത്തിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വിശ്വഹിന്ദു പരിഷത്ത് നടത്തുന്നത്. സമൂഹം എന്റേതും ഞാന്‍ സമൂഹത്തിന്റേതും എന്ന ബോധത്തോടെ സമൂഹത്തിലെ പോരായ്മ പരിഹരിക്കാന്‍ ബാധ്യസ്ഥനാക്കിയെടുക്കുവാനാണ് ബാലികാബാലാശ്രമങ്ങള് പ്രവര്‍ത്തി ക്കുന്നത്. സമൂഹത്തിലെ സമ്പന്ന വിഭാഗമുള്‍പ്പെടെ എല്ലാവരും ഇതിനായി സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ഭാവി കുഞ്ഞുങ്ങളായതിനാല്‍ അവരുടെ വ്യക്തിനിര്‍മ്മാണത്തിലൂടെയാണ് രാഷ്ട്രപുരോഗതിയിലേക്കുള്ള വഴിയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു. യോഗത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതസംസ്കാരം ഉള്‍ക്കൊണ്ടു കൊണ്ട് കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനാണ് ബാലികാബാലാശ്രമങ്ങള് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സമൂഹത്തില്‍ ബാലരോദനം ഏറെ ഉയരുന്നു. പാര്ശ്വവല്ക്കരിക്കപ്പെട്ടവരും ഒരേ ബ്രഹ്മത്തിന്റെ ഭാഗമാണെന്നു കാണുന്ന ഹിന്ദു സംസ്കാരത്തിന്റെ കാഴ്ചപ്പാടനുസരിച്ച് നമ്മുടെ സംസ്കാരത്തില്‍ മതിപ്പും അഭിമാനവുമുള്ളവരായും കുട്ടികളെ വളര്‍ത്തിയെടുക്കണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ഗ്ഗദര്‍ശകമണ്ഡലം സംസ്ഥാന ജനറല്‍സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി. നാരായണന് ആമുഖ പ്രഭാഷണം നടത്തി. സ്വാമി ദയാനന്ദ സരസ്വതി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്, സംസ്ഥാന സേവാപ്രമുഖ് പി. രാധാകൃഷ്ണന്, സംസ്ഥാന സഹ സേവാപ്രമുഖ് പി.എം. രവികുമാര്‍, സംസ്ഥാന സേവാ സംയോജക് വിഷ്ണു കെ. സന്തോഷ്, സംസ്ഥാന സാമാജിക സമരസത സംസ്ഥാന സംയോജക് പി.എന്‍. വിജയന് എന്നിവര്‍ സംസാരിച്ചു.
രണ്ടാമത് ബാലകാരുണ്യ സേവാ പുരസ്കാരത്തിന് ഐവര്‍കാല സാന്ത്വനം സേവാകേന്ദ്രം സ്ഥാപകന്‍ ബാഹുലേയനെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: