പാലാ: ഈരാറ്റുപേട്ടയില്‍നിന്നും പാലായിലേയ്‌ക്കുള്ള പ്രവേശന കവാടമായ കൊച്ചിപ്പാടി മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നതിനെതിരെ വ്യാപക പ്രതിക്ഷേധം. ഈ ഭാഗത്ത് കടവ് പരിസ്ഥിതി സംഘത്തിന്റെ നേതൃത്വത്തില്‍ ഫല വൃക്ഷങ്ങള്‍ നട്ടു പരിപാലിച്ചു വരുന്നുണ്ട്. ഈ വൃക്ഷങ്ങള്‍ക്കിടയിലാണ് ദിനംപ്രതി പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് കവര്‍, ഭക്ഷണ മാലിന്യം അടക്കം രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ നിക്ഷേപിക്കുന്നത്. തട്ടുകടക്കാര്‍ രാത്രിയില്‍ മുട്ടയുടെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ തള്ളുന്നതും പതിവായിരിക്കുന്നു.
കഴിഞ്ഞ ദിവസം ഇവിടെ വന്‍തോതില്‍ ഭക്ഷണ മാലിന്യം നിക്ഷേപിച്ചത് ദുര്‍ഗന്ധത്തിനു ഇടയാക്കിയിരുന്നു. കൂടാതെ ഫലവൃക്ഷങ്ങളുടെ തളിര്‍പ്പും ശിഖിരങ്ങളും വെട്ടി നശിപ്പിക്കുവാന്‍ സാമൂഹ്യ വിരുദ്ധര്‍ രംഗത്തിറങ്ങിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇതിനെതിരെ നഗരസഭയും പോലീസും നടപടി സ്വീകരിക്കണമെന്ന് കടവ് പരിസ്ഥിതി സംഘം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി പരിസ്ഥിതി സംഘം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ ധനമന്ത്രി തോമസ് ഐസക്ക് അഭിനന്ദിച്ചിരുന്നു.
















