ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍, സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, വനിതാ ഒന്നാം നമ്പര്‍ കരോലിന പ്ലിസ്‌കോവ, വീനസ് വില്യംസ് തുടങ്ങിയവര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. അതേസമയം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ സഖ്യം പുറത്ത്.
പുരുഷ സിംഗിള്‍സില്‍ ഫെഡറര്‍ ജര്‍മ്മന്‍ താരം കോള്‍ഷെര്‍ബറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-4, 6-2, 7-5. ഉക്രെയ്ന്‍ താരം അലക്‌സാണ്ടര്‍ ഡോള്‍ഗോപൊലുവിനെ 6-2, 6-4, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ അവസാന എട്ടിലേക്ക് കുതിച്ചത്.
വനിതാ സിംഗിള്‍സില്‍ പ്ലിസ്‌കോവ അമേരിക്കയുടെ ബ്രാഡിയെ 6-1, 6-0 എന്ന ക്രമത്തിലും വീനസ് വില്യംസ് സ്പാനിഷ് സുന്ദരി സുവാരസ് നവാരോയെ 3-6, 6-3, 6-1 എന്ന സ്‌കോറിനും പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചു. മാഡിസണ്‍ കെയ്‌സ്, കനേപി, പെട്ര ക്വിറ്റോവ, സൊളെന്‍ സ്‌റ്റെഫാന്‍സ് എന്നിവരും പുരുഷ വിഭാഗത്തില്‍ സാം ഖുറെ, ആന്‍ഡേഴ്‌സണ്‍, റുബ്‌ലേവ് തുടങ്ങിയവരും ക്വാര്‍ട്ടറിലെത്തി. നദാലിന് ക്വാര്‍ട്ടറില്‍ റുബ്‌ലേവും ഫെഡറര്‍ക്ക് ഡെല്‍ പോട്രോയുമാണ് ക്വാര്‍ട്ടറില്‍ എതിരാളികള്‍.
















