പൊന്‍കുന്നം: ദുഷ്ടതയുടെ ഭാവമില്ലാതെ സത്വഗുണമൂര്‍ത്തിയായി ദുശ്ശാസനന്‍ വാഴുന്ന കാവില്‍ അവിട്ടം തിരുനാള്‍ ഉത്സവം നാളെ. കൗരവരില്‍ രണ്ടാമനായ ദുശ്ശാസനന്റെ പ്രതിഷ്ഠയുള്ള പേരൂര്‍ കുടുംബത്തിന്റെ കാവ് ചിറക്കടവ് മണിമലക്കുന്നിലാണ്. തിരുവോണത്തിന്റെ പിറ്റേന്നാണ് കാവില്‍ കരിക്കേറു വഴിപാടും നേദ്യവും. പ്രാചീന ആരാധന രീതി തുടരുന്ന കാവില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആഘോഷം. നാടിന്റെ ഐശ്വര്യദായകനായി വിളങ്ങുന്ന മൂര്‍ത്തിക്ക് ഭക്തര്‍ കരിക്കുകള്‍ സമര്‍പ്പിക്കും. പൂജകള്‍ക്കു ശേഷം കര്‍മി കരിക്കുകള്‍ മലദൈവങ്ങളെ വിളിച്ചു ചൊല്ലി എറിഞ്ഞുടയ്‌ക്കും. ശബരിമല വനാന്തരത്തില്‍ നൂറ്റൊന്നു മലകളിലായി കൗരവര്‍ കുടികൊള്ളുന്നുവെന്ന സങ്കല്‍പ്പത്തില്‍ വിളിച്ചു ചൊല്ലി പ്രാര്‍ഥിച്ചാണ് കരിക്കേറ്. ദുശ്ശാസനമൂര്‍ത്തിക്ക് നേദ്യമര്‍പ്പിക്കുന്നത് കപ്പ ചുട്ടതും മദ്യവുമാണ്. പേരൂര്‍ കുടുംബമാണ് മുമ്പ് വനമായിരുന്ന ഈ പ്രദേശത്തെ കാവിനെ വനഭൂമിയായിത്തന്നെ പരിരക്ഷിക്കുന്നത്. ദുശാസനന് കരിക്കേറും നേദ്യവുമര്‍പ്പിക്കുന്നത് ആണ്ടിലൊരിക്കലാണ്. ഇവിടെ ഗ്രാമവാസികളൊന്നാകെ ഈ ദൈവസന്നിധിയില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഒത്തുകൂടും.
















