പതിവു ഗൃഹാതുര സ്മരണകള്‍ എന്ന് ഓണത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നില്ല. ഓണമായാലും സിനിമയായാലും പഴയകാലത്തിന്റെ മനോഹര സ്മരണകളെക്കുറിച്ച് പലരും പറയുന്നതു കേട്ടിട്ടുണ്ട്. സത്യന്റെ കാലത്തു ജീവിച്ച ഒരാളോട് ചോദിച്ചാല്‍ അദ്ദേഹത്തെക്കഴിഞ്ഞ് ഒരു നടനില്ല എന്നു പറയും. ഈ കാലഘട്ടത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആ സ്ഥാനം. എന്നാല്‍ സിനിമ എന്ന പ്രതിഭാസം മാറുന്നുമില്ല.
അതുതന്നെയാണ് ഓണത്തിന്റെ കാര്യത്തിലും. കാലാനുസൃതമായ മാറ്റം ജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുണ്ടാവും. ഓണത്തിനും സംഭവിക്കും. പഴയകാലത്തെ ഓണം കൂടുതല്‍ നന്മനിറഞ്ഞതായിരിക്കാം. എന്നാല്‍ ആ ഓര്‍മകളെ ഓമനിക്കാനേ കഴിയൂ. ഒരിക്കലും ആ കാലം തിരിച്ചു കിട്ടാന്‍ പോകുന്നില്ല. ഈ കാലത്തു ജീവിക്കുകയും ഇന്നത്തെ ഓണത്തെ ആസ്വദിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഇന്നും ഈ ആഘോഷത്തെ മനോഹരമായി ആസ്വദിക്കുന്നുണ്ട് എന്ന് ഒരു സംശയവുമില്ലാതെ പറയാം.
അത്തരം മനോഹാരിതകള്ക്കിടയിലും പച്ചക്കറിക്കു വിലകൂടുന്നു തുടങ്ങിയ പരാതികളുമുണ്ട്. മുമ്പൊക്കെ അതു സ്വാഭാവികമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചൊക്കെ കൃഷികാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ആള് എന്ന നിലയ്ക്ക് എനിക്കു സങ്കടമുണ്ട്. കാരണം, കുറേക്കാലമായി മലയാളികള്‍ തകൃതിയായി പച്ചക്കറികൃഷിയെക്കുറിച്ചു പറയുന്നു. എല്ലായിടത്തും ജൈവകൃഷിയാണ്. സംഘടനകള്‍ കൃഷി ഏറ്റെടുത്തിരിക്കുന്നു. എന്നിട്ടും ഓണക്കാലമായപ്പോള്‍ പച്ചക്കറിക്കു തീവില എന്ന പതിവു മുറവിളി കേട്ടു.
കൃഷി…കൃഷി..എന്നു ബഹളം കൂട്ടുന്നതല്ലാതെ യഥാര്‍ഥ ഉത്പാദനം നടക്കുന്നില്ല എന്നുറപ്പായി. ഇപ്പോഴും തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറിയെ കാത്തിരിക്കുന്നു നാം. ഇവിടെ പച്ചക്കറി കൃഷി എന്ന പരസ്യം മാത്രമേയുള്ളൂ. എല്ലാം നമുക്ക് ആഡ് ആണല്ലോ. യഥാര്‍ഥ പച്ചക്കറികൃഷി മലയാളിക്ക് ഒരു പാഷന് ആയിട്ടില്ല എന്നാണ് തോന്നുന്നത്. അതൊരു ഫാഷന്‍ മാത്രമാണ് ഇപ്പോഴും. ഒരു കുടുംബത്തിനുള്ള പച്ചക്കറിയെങ്കിലും ആ പറമ്പില്‍ നിന്ന് പറിക്കാന്‍ പറ്റുന്ന അവസ്ഥ വേണമെന്നെങ്കിലും ആഗ്രഹിക്കുകയാണ് ഞാന്‍.
ആവേശത്തോടെ പറയുമെങ്കിലും വികലമാക്കിയ മറ്റൊരു ബിംബത്തെക്കുറിച്ചാണ് മറ്റൊരു നിരാശ. അതു മഹാബലി തന്നെയാണ്. മഹാനായ ചക്രവര്‍ത്തിയെ എത്രയോ കാലമായി തൂങ്ങിയ കുടവയറുമായി നാം വികൃതമാക്കുന്നു. ഇന്ദ്രസേനന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ദേവന്മാര്ക്കു പോലും അസൂയ തോന്നിയ ഔന്നത്യം. നേരിട്ടു പരാജയപ്പെടുത്താന്‍ കഴിയില്ല എന്ന് അവര്‍ക്കും തോന്നിയതാണല്ലോ. ഈരേഴു പതിനാലു ലോകങ്ങളേയും കീഴടക്കിയ രാവണന് തന്റെ ഗുരുസ്ഥാനത്തു കണ്ടിരുന്നത് മഹാബലിയെയാണെന്നു പറയുന്നു പുരാണങ്ങള്‍.
അദ്ദേഹത്തെയാണു മലയാളി തേജോവധം ചെയ്യുന്നത്. അദ്ദേഹം അസുരനായിരുന്നതു കൊണ്ടാണോ അത്? സുരന്, അസുരന്, വാനരന്, മനുഷ്യന്, ദേവന്…ഇതൊക്കെ ഓരോ വംശങ്ങളായിരുന്നു. പക്ഷേ വാമൊഴി വഴക്കത്തിലെവിടെയോ അസുരന് ദുഷ്ടതയുടെ പ്രതീകമായി. ആഖ്യാനരീതികളില്പ്പെട്ട് മഹാബലിയും ഇന്നത്തെക്കാലത്തിലായി. അതു മാറുമെന്നു തോന്നുന്നില്ല. മനസ്സുകള്‍ അത്രയ്ക്ക് അതുറച്ചു പോയി.
പലരും പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും. ഉദാത്തമായ മാതൃകയാക്കാവുന്ന തരത്തില്‍ മഹാബലിയുടെ ചിത്രം അവതരിപ്പിച്ചിട്ടും അതു സ്വീകരിക്കുന്നില്ല എന്നതാണ് ദു:ഖം.
എന്തെല്ലാം മാറ്റത്തിലും, കാലത്തിനനുസരിച്ചു കോലം മാറുമ്പോഴും ഓണം പ്രത്യാശയുടെ ഉത്സവമാണ്. സത്യത്തേയും നീതിയേയും നന്മയേയും ഏതു പാതാളത്തോളം ചവുട്ടിത്താഴ്ത്തിയാലും അതെല്ലാം തിരിച്ചുവരുമെന്ന ഉദാത്തമായ സന്ദേശമാണ് ഓണം…ആ ഓര്‍മപ്പെടുത്തലാണ് ഈ ആഘോഷം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: