തലശേരി: നാല്പത്തേഴാമത് സംസ്ഥാന അവാര്‍ഡ് നൈറ്റ് താരനിബിഡമാവും. വിഖ്യാതചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന് മുതല്‍ ന്യൂജെന്‍ സിനിമപ്രവര്ത്തകര് വരെയുള്ള താരങ്ങളുടെ നീണ്ട നിര അവാര്‍ഡ് നൈറ്റിന് പൊലിമപകരാനെത്തും. മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള ജെസി ഡാനിയല്‍ അവാര്‍ഡ് ഇത്തവണ അടൂരിനാണ് സമര്‍പ്പിക്കുന്നത്. മികച്ച സിനിമ, നടന്, നടി തുടങ്ങി 42 അവാര്‍ഡുകള്‍ വേറെയും. മുഖ്യമന്ത്രി പിണറായിവിജയന് അവാര്‍ഡ് സമര്‍പ്പിക്കും.
അവാര്‍ഡ് നൈറ്റില്‍ മധുവും ഷീലയുമാണ് മുഖ്യാതിഥികള്‍. അതിഥിയായി മഞ്ജുവാര്യരുമുണ്ട്. മലയാളചലച്ചിത്രമേഖലയുടെ അഭിമാനമായ ആദ്യകാല നടീനടന്മാര്, സംവിധായകര്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഗായകര്‍, ഗാനരചയിതാക്കള്‍ തുടങ്ങി പതിമൂന്ന്പേരെ ആദരിക്കും. കലാവിരുന്നൊരുക്കാനും താരങ്ങളുടെ നീണ്ടനിരയുണ്ട്. നൃത്തവിരുന്നില്‍ നടീനടന്മാരായ ശോഭന, വിനീത്, ലക്ഷ്മിഗോപാലസ്വാമി, വിനീത്കുമാര്‍, റീമകല്ലിങ്കല്‍, റോമ എന്നിവരുണ്ടാവും.
എം.ജയചന്ദ്രന്റെ നേതൃത്വത്തിലാണ് സംഗീതരാവ്. രമേഷ്നാരായണന്‍, സിത്താരകൃഷ്ണകുമാര്‍, ഗായത്രി, സുധീപ്കുമാര്‍, ബി,വസന്ത, രാജലക്ഷ്മി, ശ്രേയ, മധുമതി, ജിതേഷ്സുന്ദരം, വി.ടി.മുരളി, അന്‍വര്‍സാദത്ത്, സൂരജ്സന്തോഷ് എന്നിവരും സംഗീതവിരുന്നിന് അതിഥികളായെത്തും. ഇതിന് പുറമെ ദേശീയചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ഉള്‍പ്പെടെ അണിനിരക്കുന്ന ഹാസ്യകലാവിരുന്നും ആസ്വാദകരുടെ മനംകവരും.
സപ്തംബര്‍ പത്തിനാണ് മുനിസിപ്പല്‍ സ്റ്റേഡിയം അവാര്‍ഡ് നൈറ്റിന് വേദിയാവുക. അനുബന്ധപരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. കമാനവും ബോര്‍ഡുകളുമായി ചലച്ചിത്രഅവാര്‍ഡ് നൈറ്റിന്റെ ആഘോഷത്തിലേക്ക് പൈതൃകനഗരി ഉണരുകയാണ്. ബക്രീദിനും ഓണത്തിനും പിന്നാലെയെത്തുന്ന മറ്റൊരു ഉത്സവമാവും ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണചടങ്ങ്. ആദ്യമായി തലശേരി ആതിഥ്യമരുളുന്ന ചലച്ചിത്രഅവാര്‍ഡ് നൈറ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കമാണ് എങ്ങും. എട്ട് മുതല്‍ കലാപരിപാടികള്‍ തുടങ്ങും. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പന്തലിന്റെയും സ്റ്റേജിന്റെയും നിര്‍മാണ പ്രവൃത്തി ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: