കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരീക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ച സിബിഐക്കെതിരെ വിമര്‍ശനവുമായി സിപിം നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം സിബിഐ കുറ്റപത്രം സമര്‍പിച്ചത്. എന്നാല്‍ കുറ്റപത്രം ജയരാജനതിരെയല്ല മറിച്ച് സിപിഎമ്മിനെതിരാണെന്ന് അണികളില്‍ തെറ്റിദ്ധാരണ പരത്തി കേരളത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാനുള്ള നീക്കമാണ് നേതൃത്വം ഇപ്പോള്‍ നടത്തുന്നത്. നേരത്തെയും രണ്ട് കൊലക്കേസുകളില്‍ പ്രതിയായ ആളാണ് പി.ജയരാജന്. തളിപ്പറമ്പ് അരിയല്‍ പ്രദേശത്ത് എംഎസ്എഫ് പ്രവര്ത്തകന് ഷുക്കൂറിനെ പരസ്യ വിചാരണ ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലും ജയരാന് പ്രതിയാണ്. ഇതിനു പുറമേ നിരവധി കേസുകലില്‍ ജയരാജന് സംശയത്തിന്റെ നിഴലിലാണ്.
മനോജ് വധക്കേസില്‍ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ കുറ്റ പത്രം തയ്യാറാക്കിയിട്ടുള്ളതെന്ന് സിപിഎം നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ട്. നേതൃത്വത്തില്‍ ഒരു വിഭാഗംതന്നെ ജയരാജനെ പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേസ് പാര്ട്ടിക്കെതിരാണെന്ന വികാരമുണ്ടാക്കി ജയരാജനെ വെള്ളപൂശാനുള്ള ശ്രമം നടത്തുന്നത്. സിപിഎമ്മിനെ തകര്‍ക്കാന്‍ സിബിഐ ഉള്‍പ്പടെയുള്ള സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ജയരാജനെതിരെ ജനവികാരം ശക്തമായ സാഹചര്യത്തില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെയുള്‍പ്പടെ സിബിഐക്കെതിരായി നീക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. നേരത്തെ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ അഞ്ച് സിപിമ്മുകാര്ക്ക് തലശ്ശേരി സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ ജഡ്ജിനും പബ്ലിക് പ്രോസിക്യൂട്ടര്ക്കുമതിരെ പ്രകടനം വിളിച്ചവരാണ് സിപിഎമ്മുകാര്‍. തങ്ങള്‍ക്കെതിരായ തീരുമാനങ്ങളുണ്ടാകുമ്പോള് കോടതി ഉള്‍പ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ പരസ്യമായ വിമര്‍ശനവുമായി രംഗത്ത് വരികയന്നത് സിപിഎം നയത്തിന്റെ ഭാഗമാണ്. ഇതേ നിലപാട് തന്നെയാണ് മനോജ് വധക്കേസിലും സിപിഎം സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: