സ്വന്തം ലേഖകന്‍
കൊല്ലം: ഇന്ന് ഉത്രാടനാള്. കൃത്യം ഒരുവര്‍ഷം മുമ്പ് ഉത്രാടരാത്രിയിലാണ് ഓലയില്‍ നിവാസികളുടെ നക്ഷത്രശോഭ മാഞ്ഞത്. കൊല്ലം കോര്‍പ്പറേഷനിലെ ബിജെപിയുടെ പ്രിയപ്പെട്ട കൗണ്‍സിലര്‍ കോകില എസ്.കുമാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരാണ്ട് തികയുകയാണ്.
ഉത്രാടദിവസം രാത്രി ലക്കും ലഗാനുമില്ലാതെ ഒരുകൂട്ടം ഉന്മാദികള് ഓടിച്ച കാറിടിച്ചാണ് കോകിലയും പിതാവ് സുനില്‍കുമാറും മരിക്കുന്നത്. കാവനാടിന് സമീപത്തായിരുന്നു സംഭവം. കാവനാട് ഐശ്വര്യ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങും വഴിയായിരുന്നു രംഗബോധമില്ലാതെ മരണം കടന്നുവന്നത്. തിരുവോണദിവസം കൊല്ലം നഗരവാസികള്‍ക്ക് ദുഃഖത്തിന്റെതായിരുന്നു. ഇനി ഒരിക്കലും തിരുവോണദിനം ആഘോഷിക്കാനാകാത്ത വിധത്തില്‍ മാനസികമായി തകര്‍ന്ന കുടുംബാംഗങ്ങളാണ് കോകിലയുടെത്.
കേവലം എട്ടുമാസം മാത്രമാണ് കോകില കൗണ്‍സിലറായി പ്രവര്‍ത്തിച്ചത്. അക്കാലയളവില്‍ നിരവധി വിഷയങ്ങളില്‍ ഇടപെടുകയും ജനകീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത് എതിരാളികളുടെ പോലും പ്രശംസക്ക് കാരണമായി തീര്‍ന്നു എന്നതാണ് വസ്തുത. പരവൂര്‍ ഫയര്‍സ്റ്റേഷനില്‍ ഫയര്‍മാനായി ജോലി ചെയ്തിരുന്നയാളാണ് കോകിലയുടെ പിതാവ് സുനില്‍കുമാര്‍. നാട്ടില്‍ എല്ലായിടത്തും സജീവസാന്നിധ്യം. ആര്‍ക്കും ഉപകാരം ചെയ്യാന്‍ മടി കാണിക്കാത്ത വ്യക്തിത്വത്തിന് ഉടമ. അച്ഛനൊപ്പമാണ് കോകില എങ്ങോട്ടേക്കും യാത്ര ചെയ്യുന്നത്. ദൂരയാത്രയില്‍ അച്ഛന്റെ ബൈക്കിന് പിന്നിലിരുന്നാണ് ആ മകളുടെ യാത്ര.
അന്ത്യയാത്രയിലും അതിനു മാറ്റമുണ്ടായില്ല. അന്ത്യനിമിഷങ്ങള്‍ക്ക് തൊട്ടുമുമ്പ് പോലും ബൈക്കിന് പിന്നില്‍ ഇരുന്ന് കൊല്ലം കോര്‍പ്പറേഷനിലെ കരാറുകാരനുമായി മൊബൈലില്‍ സംഭാഷണത്തിലായിരുന്നു. തന്റെ ഡിവിഷനിലെ വിളക്കുകള്‍ പ്രകാശിപ്പിക്കണമെന്ന് കോകില ആവശ്യപ്പെട്ടത് കരാറെടുത്ത വ്യക്തിയോടായിരുന്നു. അങ്ങനെ അന്ത്യനിമിഷങ്ങളില്‍ പോലും ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച പ്രിയപ്പെട്ട കൗണ്‍സിലറായിരുന്നു എല്ലാവര്ക്കും കോകില. കൊല്ലം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായിരുന്നു കോകില. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിക്ക് കോര്‍പ്പറേഷനില്‍ സാന്നിധ്യം അറിയിക്കാന്‍ ജനാധിപത്യപ്രക്രിയയില്‍ പടപൊരുതി വിജയിച്ച വനിത.
ക്ലാസ് മുറിയില്‍ നിന്നാണ് കോകില ജനസേവനരംഗത്തേക്ക് എത്തുന്നത്. കുട്ടികള്‍ക്ക് പാഠം പകരാനുള്ള പരിശീലനം നാടിന്റെ ഭാവി നിര്‍ണയിക്കാന്‍ ഉതകുന്നതാണെന്ന് തെളിയിച്ചുകൊടുക്കണമെന്ന അടങ്ങാത്ത ലക്ഷ്യബോധം ആ മനസില്‍ ഉണ്ടായിരുന്നു. ഓലയില്‍ നിവാസികളുടെ അഭിലാഷങ്ങളെ അടുത്തറിഞ്ഞ ശേഷമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഈ ബിഎഡ് വിദ്യാര്‍ത്ഥിനി ചുവടുവച്ചത്.
ഇന്ന് ആണ്ട് ദിനത്തില്‍ കുടുംബാംഗങ്ങള്‍ തിരുവല്ലത്ത് ബലിതര്‍പ്പണം നടത്തും. ഡിവിഷന് കൗണ്‍സിലര്‍ കൂടിയായ അമ്മ ബി.ഷൈലജ, സഹോദരി കാര്‍ത്തിക, സഹോദരന് ശബരി എന്നിവരും അടുത്ത ബന്ധുക്കളുമാണ് കര്‍മ്മത്തില്‍ പങ്കെടുക്കുക. കോകിലയുടെ സ്വപ്നപദ്ധതിയായ ഓലയില്‍ സദ്ഭാവനാകേന്ദ്രം സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരുവോണദിനമായ നാളെ തിരുമുല്ലവാരം സായിനികേതനിലെ അന്തേവാസികളായ കുട്ടികള്‍ക്ക് അന്നദാനം. 14ന് കാവനാട് ബാലാശ്രമത്തില്‍ അന്നദാനമുണ്ടാകും. വിപുലമായ രീതിയിലുള്ള അനുസ്മരണസമ്മേളനം 17ന് സംഘടിപ്പിക്കും. സുനില്‍കുമാര്‍ പ്രവര്‍ത്തിച്ചുവന്ന പരവൂര്‍ ഫയര്‍ സ്റ്റേഷനില്‍ ഇന്ന് ഉച്ചക്ക് സഹപ്രവര്‍ത്തകര്‍ അനുസ്മരണസമ്മേളനവും അന്നദാനവും സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: