ന്യൂദല്‍ഹി: ഇന്നത്തെ മന്ത്രിസഭാ പുനഃസംഘടനയില്‍ പത്ത് മുതല്‍ പതിനഞ്ച് വരെ പുതിയ മന്ത്രിമാരെത്തുമെന്ന് സൂചന. രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. പുനഃസംഘടനയുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ സസ്പെന്‍സ് നിലനിര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പതിവ് രീതിയെ മറികടക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചില്ല. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
രാജീവ് പ്രതാപ് റൂഡി, സഞ്ജീവ് ബല്യാന്‍, ഫഗന്‍സിംഗ് കുലാസ്തെ, കല്‍രാജ് മിശ്ര, മഹേന്ദ്രനാഥ് പാണ്ഡെ, ബന്ദാരു ദത്താത്രേയ, കല്‍രാജ് മിശ്ര, ഉമാഭാരതി എന്നീ മന്ത്രിമാര്‍ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. റെയില്‍വെ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ രാജിസന്നദ്ധത അറിയിച്ച റെയില്‍മന്ത്രി സുരേഷ് പ്രഭുവിന് സ്ഥാനമാറ്റമുണ്ടാകും. അദ്ദേഹം വനം പരിസ്ഥിതി മന്ത്രിയാകും. ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ റെയില്‍വെ ഏല്‍പ്പിക്കും. പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ക്കും വകുപ്പുകളില്‍ മാറ്റമുണ്ടാകും. ഏതാനും സഹമന്ത്രിമാര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും.
ബിജെപി ജനറല്‍ സെക്രട്ടറിമാരായ രാം മാധവ്, ഭൂപേന്ദ്ര യാദവ്, വൈസ് പ്രസിഡണ്ട് വിനയ് സഹസ്രബുദ്ധെ, പ്രഹ്ലാദ് പട്ടേല്‍, സുരേഷ് സി അംഗഡി, സത്യപാല്‍ സിംഗ്, ഹിമാന്ത ബിശ്വ ശര്‍മ്മ, അനുരാഗ് താക്കൂര്‍, ശോഭാ കരന്തലജെ, സത്യപാല്‍ സിംഗ്, മഹേഷ് ഗിരി, പ്രഹ്ലാദ് ജോഷി തുടങ്ങിയ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പ്രചരിക്കുന്നത്. ജനതാദള്‍ (യു), എഐഎഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരോ ബിജെപിയോ അറിയിച്ചിട്ടില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: