ന്യൂദല്‍ഹി: 2019 മാര്‍ച്ച് മുതല്‍ രാജ്യത്തെ എല്ലാ കാര്‍ നിര്‍മ്മാതാക്കളും വിവിധ മോഡലുകളില്‍ അധിക സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമായും സജ്ജീകരിക്കേണ്ടിവരും. സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, സ്പീഡ് വാണിംഗ് അലര്‍ട്ട്, റിവേഴ്സ് പാര്‍ക്കിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡിലെ 145 ാം വകുപ്പനുസരിച്ച് ഈ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കും.
ആഗോള എന്‍സിഎപിക്കു സമാനമായി ഭാരത് എന്‍സിഎപി (ന്യൂ കാര്‍ അസ്സസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റ് അധികം വൈകാതെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരും. ഇതനുസരിച്ച് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുന്നതിന് വാഹനങ്ങളില്‍ മേല്‍പ്പറഞ്ഞ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കണം. കാല്‍നടയാത്രക്കാര്‍ക്ക് ഏറ്റവും കുറവ് പരുക്കേല്ക്കുന്നവിധം വാഹനത്തിന്റെ മുന്‍ഭാഗം രൂപകല്‍പ്പന ചെയ്യുന്നുണ്ടെന്ന് ഭാരത് എന്‍സിഎപി ഉറപ്പാക്കും. ഇന്ധനക്ഷമത സംബന്ധിച്ചും റേറ്റിംഗ് നല്‍കും.
ആഗോള എന്‍സിഎപിക്കു സമാനമായി ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുംറോഡ് അപകടങ്ങളും അത്യാഹിതങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. അമിത വേഗത്തെത്തുടര്ന്നും വാഹനങ്ങള്‍ റിവേഴ്സ് ചെയ്യുമ്പോഴും സംഭവിക്കുന്ന അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് ഈ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍ സഹായിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനമോടിച്ചാല്‍ സ്പീഡ് അലര്‍ട്ട് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കും.
100 കിലോമീറ്ററിലധികം വേഗത്തില്‍ ഓടിച്ചാല്‍ മുന്നറിയിപ്പിന്റെ സ്വഭാവം മാറും.ഫ്രണ്ട് എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പും വാഹനം കൂട്ടിയിടിക്കുന്ന സമയത്ത് ഡ്രൈവറുടെയും യാത്രക്കാരുടെയും ജീവന് രക്ഷിക്കും.
രാജ്യത്തെ വാഹനാപകടങ്ങളുടെ എണ്ണം 2020 ഓടെ പകുതിയായി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ആഗോളതലത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ കാറുകളിലും ഉണ്ടായിരിക്കണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിഷ്കര്‍ഷിക്കുന്നു.
അധിക സുരക്ഷാ ഫീച്ചറുകള്‍ നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.അധികമായി നാല് സുരക്ഷാ ഫീച്ചറുകള്‍ സജ്ജീകരിക്കുന്നതോടെ കാറുകളുടെ വില പത്ത് ശതമാനത്തോളം വര്‍ധിക്കും. പല കാര്‍ നിര്‍മ്മാതാക്കളും നിലവില്‍ വിവിധ മോഡലുകളുടെ ബേസ് വേരിയന്റുകളില്പ്പോലും എയര്‍ബാഗുകളും എബിഎസ്സും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: