കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ ജില്ലയില്‍ 286 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പിഴയായി 437500 രൂപ ഈടാക്കി. 153 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി. 13 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചു.ഓണം വേളയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ രണ്ട് ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാര്‍ അടങ്ങിയ മൂന്നു സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, ടോള്‍ഫ്രീ നമ്പര്‍ (18004251125) എന്നിവ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങളും നടപടിക്ക് വിധേയമായവയില്‍ ഉള്‍പ്പെടുന്നു. ഭക്ഷ്യോത്പാദന, വിതരണമേഖലകളില്‍ വരുംദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.അജിത്കുമാര്‍ അറിയിച്ചു.വകുപ്പിന്റെ നിര്‍ദേശങ്ങള്‍ യഥാസമയം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍/റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. ഓണക്കാലത്ത് ക്ഷീരവികസനബോര്‍ഡ്, പൊതുവിതരണവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന പരിശോധകള്‍ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
















