എടത്വാ: അപ്പര്‍കുട്ടനാട്ടില്‍ വീണ്ടും താറാവുകള്‍ കൂട്ടത്തോടെ ചത്തൊടൊങ്ങുന്നു. വീയപുരം, എടത്വാ പ്രദേശങ്ങളിലാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. പരമ്പരാഗത കര്‍ഷകനായ വീയപുരം രണ്ടാം വാര്‍ഡില്‍ മാര്‍ത്താണ്ഡം പറമ്പില്‍ മാത്യു ഫിലിപ്പിന്റെ രണ്ടായിരത്തോളം താറാവിന്‍ കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്.
താറാവിന്‍ കുഞ്ഞുങ്ങള്‍ മയങ്ങിനിന്നശേഷം കുഴഞ്ഞുവീണ് ചാവുകയാണ്. തുടക്കത്തിലെ തിരുവല്ല മഞ്ഞാടിയിലെ ഡോക്ടറെ അറിയിക്കുകയും താറാവിന്റെ സാമ്പില്‍ പരിശോധനയ്‌ക്ക് അയയ്‌ക്കുകയും ചെയ്തിരുന്നു. മൃഗസംരക്ഷണ വകുപ്പ് സര്‍ജന്‍ ഡോ. പ്രവീണ്‍ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം ചത്ത താറാവുകളെ പോസ്റ്റുമോര്‍ട്ടം ചെയ്ത് മരണ കാരണം അണുബാധയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
താറാവുകളുടെ സാമ്പില്‍ ലാബില്‍ പരിശോധനയക്ക് അയച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നല്‍കുന്നുണ്ട്. പള്ളിപ്പാട് ഹാച്ചറില്‍നിന്ന് ഒന്നിന് 25 രൂപ നല്‍കി വാങ്ങിയ കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങുന്നത്.
വീടിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കുഞ്ഞുങ്ങളെ പാര്‍പ്പിച്ചിരുന്നത്. 15 വര്‍ഷമായി ഈ തൊഴില്‍ ചെയ്ത് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന മാത്യു ഫിലിപ്പിന് ഇക്കുറി അഞ്ചുലക്ഷം രൂപായുടെ നഷ്ടം കണക്കാക്കുന്നു. മുന്‍ വര്‍ഷവും ഈ കര്‍ഷകന്റെ താറാവുകള്‍ ചത്തൊടുങ്ങിയെങ്കിലും എണ്ണത്തില്‍ കുറവാണെന്ന കാരണത്താല്‍ നഷ്ടപരിഹാരം ലഭിച്ചില്ല.
ക്രിസ്തുമസ് സീസണ്‍ പ്രതീക്ഷിച്ച് കടമെടുത്തിറക്കിയ താറാവ് കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്. ചത്ത താറാവുകളെ കുഴിച്ചുമൂടാനുള്ള ശ്രമത്തിലാണ് കര്‍ഷകന്‍.
സമീപ സ്ഥലങ്ങളിലും താറാവുകള്‍ ചത്തൊടുങ്ങുന്നുണ്ടെങ്കിലും രോഗം പ്രകടമായി അനുഭവപ്പെടാന്‍ തുടങ്ങിയിട്ടില്ല. വീയപുരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെ എടത്വാ, തലവടി പഞ്ചായത്തിലെ താറാവ് കര്‍ഷകര്‍ ആശങ്കയിലാണ്. മുന്‍ വര്‍ഷം ഈ പ്രദേശത്തെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. പലകര്‍ഷകര്‍ക്കും ഇപ്പഴും നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്ന് ആക്ഷേപമുണ്ട്.
















