ലീഡ്‌സ്: ഇംഗ്ലണ്ടിന്റെ മണ്ണില്‍ ചരിത്രജയവുമായി വിന്‍ഡീസ് ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടുയര്‍ത്തിയ 322 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിന് വേണ്ടി ഷായ് ഹോപ്പി(118)ന്റെ സെഞ്ച്വറിയാണ് തുണയായത്. 91.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 322 റണ്‍സ് നേടി വിന്‍ഡീസ് വിജയ തീരത്തണഞ്ഞു.
ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (92) റണ്‍സ് നേടി. ഇംഗ്ലീഷ് മണ്ണില്‍ 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിന്‍ഡീസ് ഒരു ടെസ്റ്റ് മല്‍സരം ജയിക്കുന്നത്. ജയത്തോടെ മൂന്ന് മല്‍സര പരമ്പരയില്‍ വിന്‍ഡീസ് 1-1 സമനിലയിലെത്തി. ആദ്യ ഇന്നിങ്‌സില്‍ 147 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 118 റണ്‍സുമടിച്ച ഹോപ്പാണ് കളിയിലെ താരം.
വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് പുനരാംരഭിച്ച വിന്‍ഡീസിന് കീറന്‍ പവലിനെയാണ്(23) ആദ്യം നഷ്ടമായത്. അധികം വൈകാതെ കൈല്‍ ഹോപ് അക്കൗണ്ട് തുറക്കാനാവാതെ റണ്ണൗട്ടായി.
തകര്‍ച്ച മുന്നില്‍ കണ്ട വിന്‍ഡീസ് നിരയെ മൂന്നാം വിക്കറ്റില്‍ 144 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ബ്രാത്ത് വെറ്റയ്റ്റും- ഹോപും ചേര്‍ന്ന് വിജയതീരത്തെത്തിക്കുകയായിരുന്നു. സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ മോയിന്‍ അലിയ്‌ക്ക് വിക്കറ്റ് നല്‍കി ബ്രാത്ത്വെയ്റ്റ് മടങ്ങിയെങ്കിലും റോഷ്ടണ്‍ ചേസ് ഷായി ഹോപ്പിനു മികച്ച പിന്തുണ നല്‍കി.
ചേസ് (30) പുറത്താകുമ്പോള്‍ വിന്‍ഡീസിന്റെ വിജയം 75 റണ്‍സ് അകലെയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ജര്‍മൈന്‍ ബ്ലാക്ക്വുഡുമായി(41) 74 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ഹോപ്പ് വിന്‍ഡീസിന് വിജയം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 258 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്തപ്പോള്‍ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 427 റണ്‍സ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ 169 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 490 റണ്‍സ് നേടി വിന്‍ഡീസിന് 322 റണ്‍സ് വിജയ ലക്ഷ്യം സമ്മാനിച്ചെങ്കിലും ഹോപ്പിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷകളെ തല്ലിക്കൊഴിച്ചു.
















