ചവറ: ചവറയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കൂരയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മാണം ആരംഭിച്ച ചവറ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിന്റെ വൈദ്യൂതീകരണത്തിന് നടപടിയായി. ഇതിനായി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതായി പിഡബ്ല്യൂഡി കെട്ടിടവിഭാഗം മേധാവി അറിയിച്ചു.
ചവറ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയില്‍ വൈദ്യുതീകരണം നടക്കാതെ ഉദ്ഘാടനം വൈകുന്നുയെന്ന വാര്‍ത്ത ജന്മഭൂമി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതീകരണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമൊണ് നിര്‍ദേശം. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കി നല്‍കാനാണ് സര്‍ക്കാര്‍ അഞ്ചു കോടി രൂപക്ക് കരുനാഗപ്പള്ളിയിലെ ഇ.ജെ കസ്ട്രഷന്‍ കമ്പനിയെ ചവറ മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിട നിര്‍മ്മാണം ഏല്‍പ്പിച്ചത്. കരാര്‍ കാലാവധി തീരാന്‍ രണ്ടുമാസം ശേഷിക്കേ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്പനി കഴിഞ്ഞ ജൂണ്‍മാസം സര്‍ക്കാരിന് കൈമാറുകയായിരുന്നു.
കെട്ടിടത്തിന്റെ വൈദ്യുതീകരണം ഒഴിച്ചാണ് അന്ന് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും വൈദ്യുതീകരണത്തിനായി അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല. ആദ്യ ടെണ്ടറില്‍ കരാറുകാര്‍ പങ്കെടുക്കാത്തതിനാലാണ് വൈദ്യുതികരണം വൈകിയതെന്നും സമയബന്ധിതമായി വൈദ്യുതീകരണം പൂര്‍ത്തീകരിച്ച് ചവറ മിനി സിവില്‍ സ്‌റ്റേഷന്റെ ഉദ്ഘാടനം വേഗത്തില്‍ നടത്തുമെന്നും കെട്ടിടവിഭാഗം എഎകസ്ഇ ജമാല്‍ അറിയിച്ചു.
















