ചേര്‍ത്തല: ഉല്‍പാദനം നിലച്ച് പ്രതിസന്ധിയിലായ മദ്യ ഉല്‍പ്പാദന സ്ഥാപനമായ വാരനാട് മാക്ഡവല്‍ കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കമ്പനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മാനേജ്‌മെന്റ് പ്രതിനിധികളുമായി ഇന്ന് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി അടിയന്തിര തീരുമാനം കൈക്കൊള്ളും. ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി ബിവറേജസ് കോര്‍പറേഷന്‍ എടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തെ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ചര്‍ച്ച. മാനേജ്‌മെന്റിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍നടപടി കൈക്കൊള്ളും. സ്ഥാപനത്തിന്റെ നടത്തിപ്പിന് തൊഴിലാളികളുടെ സഹകരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
126 സ്ഥിരം തൊഴിലാളികളും 162 കരാര്‍ തൊഴിലാളികളും ഉള്ള കമ്പനിയില്‍ ഉല്‍പാദനം നിലച്ചിട്ട് രണ്ട് വര്‍ഷത്തിലേറെയായി. വിദേശകമ്പനിയായ പിയാജിയോയുടെ നിയന്ത്രണത്തിലാണ് നിലവില്‍ സ്ഥാപനം. ലാഭകരമല്ലെന്നാണ് ഉടമകളുടെ വാദം.
ഒന്‍പത് മാസമായി സ്ഥിരം തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. കരാര്‍ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായിട്ട് നാളുകളേറെയായി. ഇതുമൂലം സ്ഥാപനത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ പട്ടിണിയിലാണ്.
















