ബാഴ്സലോണ: ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ കുറവു നികത്താന്‍ ഫ്രഞ്ച് യുവ സൂപ്പര്‍താരം ഒസ്മാനെ ഡെംബെലെയെ ബാഴ്സലോണ സ്വന്തം പാളയത്തിലെത്തിച്ചു. ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ബാഴ്സ 20കാരനായ ഈ ഫ്രഞ്ച് താരത്തെ റാഞ്ചിയത്. 135.5 മില്യണ്‍ പൗണ്ടി (ഏകദേശം 1118 കോടി രൂപ)നാണ് കറ്റാലന്‍ ടീം ഡെംബെയെ സ്വന്തമാക്കിയത്.
ഏറെ ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും വിലപേശലുകള്‍ക്കും ശേഷമാണ് ബാഴ്സയുടെ സൂപ്പര്‍ താരനിരയിലേക്ക് ഡെംബെലെയും എത്തുന്നത്. അഞ്ച് വര്‍ഷത്തെ കരാറാണ് ക്ലബ് താരവുമായി ഒപ്പിട്ടത്. ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ തുകയാണ് ഡെംബെലെക്കായി ബാഴ്സലോണ ചിലവഴിച്ചത്. 200 മില്യണ്‍ പൗണ്ടിന് ബാഴ്സയില്‍ നിന്ന് നെയ്മറെ സ്വന്തമാക്കാന്‍ പിഎസ്ജി ചിലവഴിച്ചതാണ് ഏറ്റവും ഉയര്‍ന്ന തുക.
ഇരുകാലുകള്‍കൊണ്ടും കരുത്തുറ്റ ഷോട്ട് ഉതിര്‍ക്കാന്‍ കഴിയുന്ന, അതിവേഗത്തില്‍ പന്തുമായി എതിര് ബോക്സിലേക്ക് കുതിച്ചു കയറാന്‍ കഴിവുള്ള താരമാണ് ഡെംബെലെ. ഒപ്പം ഇരുവിംഗുകൡലും ഒരുപോലെ മിന്നിത്തിളങ്ങാനും ഈ യുവതാരത്തിന് കഴിയും. നെയ്മറെ വെല്ലുന്ന ഡ്രിബ്ലിങ്ങ് പാടവവും ഡെംബെലെക്കുണ്ട്. കഴിഞ്ഞ സീസണുകളില്‍ ബാഴ്സയുടെ നട്ടെല്ലായ എംഎസ്എന്‍ ത്രയത്തിന് പകരമായി ഈ സീസണില്‍ ഇനി മുതല്‍ എംഎസ്ഡി ത്രയം കളത്തിലിറങ്ങും.
ബാഴ്സയില്‍ എത്തിയതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഡെംബെലെ പറഞ്ഞു. ബാഴ്സയില്‍ ചേരുക എന്നത് തന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നെന്നും ഇപ്പോള്‍ ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണെന്നും ഫ്രഞ്ച് കൗമാര താരം കൂട്ടിച്ചേര്‍ത്തു.
2016-17 സീസണില്‍ റെന്നസില്‍ നിന്നാണ് അഞ്ച് വര്‍ഷത്തെ കരാറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഡെംബെലെയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഡോര്‍ട്ട്മുണ്ടിനായി ആകെ 49 മത്സരങ്ങള്‍ കളിച്ച് 10 ഗോളുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: