ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം കുറ്റക്കാരനെന്ന് ഛണ്ഡീഗഡിലെ പ്രത്യേക സിബിഐ കോടതി. ശിക്ഷ 28ന് വിധിക്കും. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി.
ഏഴ് മുതല്‍ പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. വിധിക്കു പിന്നാലെ ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ ദിവസങ്ങളായി മുള്‍മുനയിലായിരുന്നു. സൈന്യത്തെ ഉള്‍പ്പെടെ നിയോഗിച്ചെങ്കിലും സിങ്ങിന്റെ അനുയായികള്‍ അഴിഞ്ഞാടി. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്ന സിങ്ങിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
2002ല്‍ സിങ്ങിന്റെ അനുയായിയായ ഒരു സ്ത്രീ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് കത്തയച്ചതാണ് കേസിന്റെ തുടക്കം. തന്നെയും അനുയായികളായ നിരവധി സ്ത്രീകളെയും ഇയാള്‍ ബലാത്സംഗം ചെയ്തതായി കത്തില്‍ വെളിപ്പെടുത്തിയിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ 2008ല്‍ വിചാരണ ആരംഭിച്ചു.
രണ്ട് സ്ത്രീകള്‍ പീഡനത്തിനിരയായതായി മൊഴി നല്‍കി. സിങ്ങിന്റെ സ്വകാര്യ മുറിയില്‍ പ്രവേശിച്ചപ്പോള്‍ വലിയ സ്‌ക്രീനില്‍ അശ്ലീല വീഡിയോ കാണുന്നത് ശ്രദ്ധയില്‍പ്പെട്ടതായും മൊഴിയുണ്ടായിരുന്നു. ഇയാളുടെ മുറിയില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നതെന്ന് സിബിഐ ചൂണ്ടിക്കാട്ടി. കുറ്റം നിഷേധിച്ച സിങ്ങ് തനിക്ക് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കില്ലെന്നും വാദിച്ചിരുന്നു. അനുയായിയെയും പത്രപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസുകളിലും ഇയാള്‍ പ്രതിയാണ്.
തലസ്ഥാനമായ ചണ്ഡീഗഡിന് സമീപത്തെ പഞ്ച്കുല സിബിഐ കോടതിയിലേക്ക് 150ലേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് സിങ്ങ് എത്തിയത്. രണ്ട് ദിവസമായി കോടതി പരിസരത്തേക്ക് അനുയായികളുടെ ഒഴുക്കായിരുന്നു. സ്ത്രീകളുള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ പഞ്ച്കുല നഗരത്തില്‍ തമ്പടിച്ചിരുന്നു.
















