പാറ്റ്ന: ആർജെഡി നടത്തിയ ബിജെപി വിരുദ്ധ റാലിയുടെ ചിത്രം ട്വിറ്ററിലിട്ട ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് നേരെ ട്രോൾമഴ. റാലി ജനസാഗരമാക്കാൻ ഫോട്ടോഷോപ്പിലൂടെ ശ്രമിച്ചതാണ് വിനയായത്. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു റാലി.
ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്‌ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നും എണ്ണാമെങ്കില്‍ എണ്ണിക്കോളൂ’ അടിക്കുറിപ്പോടെ ലാലു ഇട്ട ചിത്രമാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. മാധ്യമങ്ങൾ പുറത്തുവിട്ട യഥാർഥ ചിത്രത്തിൽ അങ്ങിങ്ങ് മൈതാനത്തിന്റെ പച്ചപ്പ് കാണാൻ സാധിക്കുമായിരുന്നു. എന്നാൽ മൈതാനത്തെ പച്ചപ്പ് പോലും കാണാനാകാത്ത വിധം ആളുകളെ പെരുപ്പിച്ചാണ് ലാലു ഫോട്ടോ ഇട്ടത്.
ആളില്ലാതിരുന്ന ഇടത്തുപോലും എഡിറ്റിങ് നടത്തി ആളെ കുത്തിനിറയ്‌ക്കാൻ ശ്രമിച്ചത് ട്രോളന്മാർ കണ്ടെത്തിയതോടെ പരിഹാസം ഉയർന്നു. റാലിയില്‍ പ്രതിപക്ഷ കക്ഷികളുടെ പതിവ് യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ പോലും എത്തിയിരുന്നില്ല. ബീഹാര്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അധ്യക്ഷ സോണിയയും ഉപാധ്യക്ഷന്‍ രാഹുലും പങ്കെടുത്തില്ല. സഖ്യമുപേക്ഷിച്ച നിതീഷ് കുമാറിനെതിരെ രാഷ്‌ട്രീയ പോരാട്ടത്തിനുള്ള തുടക്കമായാണ് ലാലു റാലി സംഘടിപ്പിച്ചത്.
അഴിമതി ആരോപണം നേരിടുന്ന ലാലു സംഘടിപ്പിക്കുന്ന റാലിയുമായി സഹകരിക്കുന്നതില്‍ ബിഹാര്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത ഉടലെടുത്തിരുന്നു. അഴിമതിക്കാരുടെ ഒത്തുചേരലെന്നാണ് ബിജെപി റാലിയെ വിശേഷിപ്പിച്ചത്.
















