ന്യൂദല്‍ഹി: 2024 മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തു. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് നിതി ആയോഗ് വിലയിരുത്തുന്നത്. നിതി ആയോഗ് ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണനയ്‌ക്ക് എടുത്തിട്ടുണ്ട്.
വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടേയും പാര്‍ലമെന്റിന്റെയും അനുമതി തെരഞ്ഞെടുപ്പ് ഏകീകരണത്തില്‍ ആവശ്യമുണ്ട്. അതിനാല്‍ത്തന്നെ എല്ലാവരെയും വിശ്വാസത്തില്‍ എടുത്തു മാത്രമേ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കൂ എന്നാണ് സൂചന.
ചില സംസ്ഥാനങ്ങളിലെ നിയമസഭകള്‍ക്ക് കാലാവധി നീട്ടി നല്‍കേണ്ടിയും മറ്റു ചിലയിടങ്ങളില്‍ കാലാവധി അഞ്ചുവര്‍ഷം തികയാതെയും വരും. പൊതുതെരഞ്ഞെടുപ്പിന് തലേവര്‍ഷം നടക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുവര്‍ഷം നീട്ടിവെയ്‌ക്കേണ്ടിവരും. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മൂന്നുവര്‍ഷം കഴിയുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
ഭരണഘടനാ വിദഗ്ധര്‍, രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ചേര്‍ന്ന് ആലോചിച്ച് വേണം തെരഞ്ഞെടുപ്പുകളുടെ ഏകീകരണം പൂര്‍ത്തിയാക്കേണ്ടതെന്നും നിതി ആയോഗ് ശുപാര്‍ശ ചെയ്യുന്നു. ഭരണഘടനാ ഭേദഗതി അടക്കം ആവശ്യമായ വിഷയമാണിത്.
2018 മാര്‍ച്ചിന് മുമ്പായി ഇക്കാര്യത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കണം.മുന്‍ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ നിര്‍ദ്ദേശമാണ് രാജ്യത്തെ തെരഞ്ഞെടുപ്പുകളുടെ ഏകീകരണം.
















