ന്യൂദല്‍ഹി: ദോക്‌ലാമിൽ സംഭവിച്ചതു പോലുള്ള സംഘര്‍ഷങ്ങള്‍ ഭാവിയില്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കരസേന മേധാവി ജനറല്‍ ബിബിന്‍ റാവത്ത്. മേഖലയിലെ സമാധാന സ്ഥിതി തകര്‍ക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള ഫ്ലാഗ് മീറ്റിംഗിനിടെ പഴയ സ്ഥിതിലേക്ക് പോവണമെന്ന് ഇന്ത്യ ആവശ്യപ്പെടാറുണ്ടെങ്കിലും ഒരു പ്രശ്ന പരിഹാരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയ നയതന്ത്ര ഇടപെടലുകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ബിബിന്‍ റാവത്ത് പറഞ്ഞു.
പ്രശ്നം അവസാനിച്ചാലും ഇത് ഇനിയും സംഭവിക്കില്ലെന്ന് ഉറപ്പു പറയാന്‍ സാധിക്കില്ല. അതിനാല്‍ തന്നേ സൈനികര്‍ ജാഗരൂകരാകണമെന്നും ഏതു സാഹചര്യത്തിലും പ്രശ്നങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ജൂണ്‍ 16നാണ് ഡോംഗ്ലോംഗില്‍ സംഘര്‍ഷം തുടങ്ങിയത്. രണ്ടര മാസം പിന്നിട്ടിട്ടും അതിര്‍ത്തിലെ സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടില്ല.
















