കോഴിക്കോട്: നവീകരണത്തിനുശേഷം ഓണം-ബക്രീദ് വിപണിക്കായി മിഠായിതെരുവ് തുറന്നപ്പോള്‍ തെരുവു കച്ചവടക്കാര്‍ പുറത്ത്. തെരുവ് കച്ചവടക്കാരെ മിഠായിത്തെരുവിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം പ്രതിഷേധത്തിന് കാരണമായി. ഇന്നലെ രാവിലെ മുതല്‍ തെരുവ് കച്ചവടക്കാര്‍ മിഠായിത്തെരുവില്‍ കച്ചവടം ചെയ്യേണ്ട എന്ന തീരുമാനത്തിലായിരുന്നു അധികൃതര്‍. കച്ചവടത്തിനായി എത്തിയവര്‍ക്ക് അതിനുള്ള സൗകര്യവും നല്‍കിയില്ല. കച്ചവടം ചെയ്യേണ്ട എന്നാണ് കോര്‍പ്പറേഷന്റെ തീരുമാനമെന്ന് പോലീസ് കച്ചവടക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ കച്ചവടക്കാര്‍ പ്രതിഷേധവുമായെത്തി.
തെരുവ് കച്ചവടക്കാര്‍ക്ക് അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ട് വ്യാപാരികളും രംഗത്തെത്തി.എന്നാല്‍ തെരുവ് കച്ചവടം അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഇതുവരെ ആരും എടുത്തിട്ടില്ല എന്നായിരുന്നു വെന്‍ഡിങ് കമ്മിറ്റിയുടെ നിലപാട്. നേരത്തെ നടന്ന യോഗത്തില്‍ അങ്ങനെ ഒരു തീരുമാനമില്ലെന്നും വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന തെരുവ് കച്ചവടക്കാരോട് കോര്‍പ്പറേഷന്‍ ചെയ്യുന്നത് കടുത്ത അനീതിയാണെന്നും കച്ചവടക്കാര്‍ പറഞ്ഞു. മിഠായിത്തെരുവ് ഉണ്ടായ കാലം മുതല്‍ ഇവിടെ തെരുവ് കച്ചവടവുമുണ്ടെന്നും തങ്ങളെ ഒഴിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ സ്ഥിരമായി കച്ചവടം ചെയ്യുന്നവരുടെ ലിസ്റ്റ് ബന്ധപ്പെട്ട യൂണിയനുകളോട് അടിയന്തിരമായി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അഞ്ച് യൂണിയനുകളിലായി നൂറ് കണക്കിന് തൊഴിലാളികള്‍ ഇവിടെയുണ്ടെന്ന് നേതാക്കള്‍ പറയുന്നു. തെരുവ് കച്ചവടക്കാര്‍ക്ക് കച്ചവടത്തിന്നായി സൗകര്യം ചെയ്യണമെന്ന് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള തെരുവു കച്ചവടക്കാര്‍ക്ക് തുടരാന്‍ അനുമതി നല്‍കി. കോര്‍പ്പറേഷന്‍ നടത്തിയ സര്‍വേയില്‍ ഉള്‍പ്പെട്ടവരാണിവര്‍. പുതുതായി ആരെയൂം അനുവദിക്കില്ല.
അടുത്തമാസം ഏഴു മുതല്‍ പണി വീണ്ടും പുനരാരംഭിക്കും. അന്നുമുതല്‍ പണി തീരുന്നതുവരെ തെരുവു കച്ചവടക്കാരെ മിഠായിത്തെരുവില്‍ അനുവദിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.
















