നെടുംകുന്നം: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നെടുംകുന്നം മാര്‍ക്കറ്റിനുള്ളില്‍ ആരംഭിച്ച നേരങ്ങാടി ലേല വിപണി ഓണം പ്രമാണിച്ച് പ്രവര്‍ത്തനം തുടങ്ങി. 26 വരെ തുറന്നു പ്രവര്‍ത്തിക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു പ്രവര്‍ത്തനം. മുന്‍പ് വ്യാഴാഴ്ചകളില്‍ മാത്രമാണു ലേലവിപണി പ്രവര്‍ത്തിച്ചിരുന്നത്. കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ നേരിട്ടു സംഭരിച്ച് ലേലം ചെയ്തു ന്യായമായ വില നല്‍കുകയാണു ലേല വിപണിയുടെ ലക്ഷ്യം. കൃഷിമേഖല കൂടിയായ നെടുംകുന്നം ഗ്രാമത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ചെറുതും വലുതുമായ ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ നേരങ്ങാടിയിലൂടെ വിപണനം നടത്താന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ആരംഭിച്ച ലേല വിപണിയില്‍ 33 ലേലച്ചന്തകളിലായി 20 ടണ്‍ കാര്‍ഷിക ഉല്‍പന്നങ്ങളാണു വിപണനം നടത്തിയിട്ടുള്ളത്. വാഴൂര്‍ ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തിലും നേരങ്ങാടി എന്ന പേരില്‍ കാര്‍ഷിക ലേല വിപണികള്‍ പ്രവര്‍ത്തിക്കുന്നു.
















