കൊല്ലം: ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ വാഗ്ദാനം പൊള്ളയാണെന്ന് യുവമോര്‍ച്ച. കരമണ്ണ് ഖനനവുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടത്തിലെ സാങ്കേതികനൂലാമാലകള്‍ പരിഹരിക്കാതെ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. കൊട്ടാരക്കര നവോദയ സ്‌കൂളില്‍ നിന്നുള്ള മണ്ണ് ഖനനവുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപനം നടത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. കാലങ്ങളായി മുടങ്ങി കിടന്ന ബൈപ്പാസ് നിര്‍മാണത്തിന് 330 കോടി രൂപ വകയിരുത്തിയത് മോദി സര്‍ക്കാരാണ്. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ തുക ലഭിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക അനുമതികള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്ന് ജില്ലാ പ്രസിഡന്റ് വി.എസ്.ജിതിന്‍ദേവ് പറഞ്ഞു.
















