ധാമ്പുളള : ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പര നാളെ ആരംഭിക്കും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നാളെ ഇവിടെ നടക്കും. ടെസ്റ്റ് പരമ്പര തൂത്തുവാരിയെ ഇന്ത്യ മറ്റൊരു ഗംഭീര വിജയത്തിനായുളള തയ്യാറെടുപ്പിലാണ്.അതേസമയം ശ്രീലങ്ക പരമ്പരയില്‍ വിജയം നേടി നാണക്കേട് ഒഴിവാക്കാനുളള ശ്രമത്തിലും
പക്ഷെ കരുത്തരായ ഇന്ത്യക്കെതിരെ ഉപുല്‍ തരംഗാന നയിക്കുന്ന ടീമിന് പിടിച്ചു നില്‍ക്കാനാകുമോയെന്ന് കണ്ടറിയണം. അഞ്ചു മത്സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ ശ്രീലങ്കയ്‌ക്ക് അടുത്ത വര്‍ഷത്തെ ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കും.
ലോക റാങ്കിങ്ങില്‍ ശ്രീലങ്ക നിലവില്‍ എട്ടാം സ്ഥാനത്താണ്. ആദ്യത്തെ ഏഴു റാങ്കുകാരും ആതിഥേയരായ ഇംഗ്ലണ്ടിനുമാണ് ലോകകപ്പിന് നേരിട്ട് പ്രവേശനം ലഭിക്കുക. ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ അവര്‍ക്ക് വെസ്റ്റ് ഇന്‍ഡീസിനെ പിന്തളളി ലോകകപ്പിന് യോഗ്യത നേടാനാകും.
ലോക റാങ്കിലെ അവസാന നാലു റാങ്കുകാര്‍ , ഐസിസി ലോക ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ നാലു ടീമുകളുമായി യോഗ്യതാ മത്സരം കളിക്കണം. ഇതില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ക്ക് ലോക കപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.
ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിക്ക് ശ്രീലങ്കക്കെതിരായ പരമ്പര നിര്‍ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെച്ചാലെ ധോണിക്ക് ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കൂ.
സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചാലെ ധോണിക്ക് ലോകകപ്പ് ടീമില്‍ അവസരം നല്‍കൂയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടറും മുന്‍ വിക്കറ്റ് കീപ്പറുമായ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.
















