മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ. പൊന്നപ്പന്‍, പി.കെ. വാസുദേവന്‍, വെള്ളിയാകുളം പരമേശ്വരന്‍, കെ. സോമന്‍ സമീപം
ആലപ്പുഴ: സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ലേക് പാലസ് റിസോര്‍ട്ടിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്തത്തിനും ജന്മിത്വത്തിനുമെതിരെ പോരാടി രക്തസാക്ഷികളായവരെ അപമാനിക്കുകയാണ് ഇപ്പോഴത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം. നാടു കൊള്ളയടിക്കുന്ന മുതലാളിമാരെല്ലാം സിപിഎം സഹയാത്രികരാണ്. കേരളത്തിലെ ഏറ്റവും വലിയ ധനാഢ്യനാണ് ഗതാഗതമന്ത്രി തോമസ് ചാണ്ടി. പച്ചക്കള്ളമാണ് പലപ്പോഴും അദ്ദേഹം പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ 90 കോടിയാണ് അദ്ദേഹത്തിന്റെ സ്വത്തായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ നിയമസഭയില്‍ പറയുന്നു ലേക്പാലസിനു മാത്രം 150 കോടി ചെലവഴിച്ചു. ഒരു വര്‍ഷംകൊണ്ട് ഇത്രയേറെ സ്വത്തു വര്‍ദ്ധിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തണം.
തോമസ് ചാണ്ടിയെപ്പോലെയുള്ള മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നെടുമുടി മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ കൃഷിഭൂമി തോമസ് ചാണ്ടി കയ്യടക്കിയിട്ടുണ്ട്. പരസ്യമായി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി. മാര്‍ത്താണ്ഡം കായല്‍ നികത്തിയതും നിയമവിരുദ്ധമായാണ്. പാവപ്പെട്ടവരില്‍ നിന്ന് മിച്ചഭൂമി കയ്യടക്കിയതിന് മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണം.
എംപി മാരായ പി.ജെ. കുര്യനും കെ.ഇ. ഇസ്മയിലുമാണ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിക്കാന്‍ എംപി ഫണ്ട് അനുവദിച്ചത്. ഇരുമുന്നണികളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതിന്റെ തെളിവാണിത്. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ വി.എസ്. അച്യുതാനന്ദന്‍ ചാണ്ടിക്കെതിരെ സമരത്തിന് നേതൃത്വം നല്‍കാന്‍ തയ്യാറാകണം. ചാണ്ടിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയക്കാര്‍ പറയുന്നതുകേട്ട് നിയമലംഘനത്തിന് ഒത്താശ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനായി. ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ. പൊന്നപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















