തിരുവനന്തപുരത്ത് റെയില്‍വേ ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്ന രക്ഷാബന്ധന്‍ ചടങ്ങ് ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ആര്‍എസ്എസ് സര്‍ സംഘചാലകിനെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. റെയില്‍വേ ജീവനക്കാരുടെ രക്ഷാബന്ധന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട്ടുകാര്‍ പിരിവെടുത്ത് സ്ഥാപിച്ച സ്‌കൂളിന്റെ അമ്പതാംവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷമാണ് സര്‍ സംഘചാലകിനെ ക്ഷണിച്ചത്. എന്നാല്‍ അന്ന് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. ഈവര്‍ഷം സ്വാതന്ത്ര്യദിനത്തിനാണ് അദ്ദേഹത്തിന് വരാനായത്. ജില്ലാ കളക്ടര്‍, പോലീസ് അധികാരികള്‍ എന്നിവരെയെല്ലാം അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ കുറിച്ച് അറിയിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും ജില്ലാ മേധാവിയെ അറിയിച്ചിരുന്നു. അന്നൊന്നും എതിര്‍പ്പ് ഇല്ലാത്തവര്‍ 14 ന് രാത്രിയാണ് നോട്ടീസുമായി എത്തിയത്. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. രാജ്യംമുഴുവന്‍ ആദരിക്കുന്ന മോഹന്‍ ഭാഗവതിനെ അപമാനിച്ചവര്‍ക്കതിരെയാണ് നടപടിയെടുക്കേണ്ടത്. അദ്ദേഹത്തെ അപമാനിക്കാനും കേസെടുക്കാനും ഭരണ – പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്.
സ്വാതന്ത്ര്യം കിട്ടിയശേഷമാണ് രാജ്യം ഇന്നുകാണുന്ന രീതിയില്‍ ഒറ്റരാജ്യമായി മാറിയത് എന്നാണ് മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ പറഞ്ഞത്. ചരിത്ര പണ്ഡിതന്മാരും ചരിത്രാന്വേഷികളും കണ്ടെത്തിയ സത്യത്തിന് വിരുദ്ധമായാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. റഷ്യയും പഴയ യുഎസ്എസ്ആറും പോലെ ഭാഷാ അടിസ്ഥാനത്തിലുള്ള ചെറുരാജ്യങ്ങള്‍മാത്രമായിരുന്നു എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കുംഭമേളകള്‍ പോലുള്ള ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഒരേ മനസ്സോടെ ഐക്യത്തോടെ പങ്കെടുത്തിരുന്നവരാണ് ഭാതരത്തിലുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. അടിസ്ഥാന സങ്കല്‍പങ്ങളെയും സംസ്‌കാരത്തെയും പോലും തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം ഡിവിഷണല്‍ സേഫ്റ്റി ഓഫീസര്‍ സി.രവികുമാരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ഭാരതീയ വിചാരകേന്ദ്രം സഹസംഘടനാ കാര്യദര്‍ശി വി.മഹേഷ്, റെയില്‍വേ മസ്ദൂര്‍ സംഘ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ തുളസീധരന്‍ നായര്‍, ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















