ആലപ്പുഴ: ‘ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നു, കണ്ണൂര്‍ ജില്ലയിലെ ബിജെപി തീര്‍ന്നു. ഇത് സിപിഎമ്മുകാരന്‍ പറഞ്ഞതല്ല. പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് പറഞ്ഞ വാക്കുകളാണിത്.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ കാലങ്ങളായി പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഈ സംഭാഷണം. മുന്‍ ഡിജിപി ഡോ. സിബി മാത്യൂസിന്റെ ‘നിര്‍ഭയം’ എന്ന ആത്മകഥയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. 1999 ഡിസംബര്‍ ഒന്നിന് മൊകേരി ഈസ്റ്റ് യുപി സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎമ്മുകാര്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് കൊലപ്പെടുത്തുകയിരുന്നു. ഇക്കാര്യം ഉത്തരമേഖലാ ഐജിയായിരുന്ന തന്നെ കണ്ണൂര്‍ എസ്പിയോ ഡിഐജിയോ അറിയിച്ചില്ല. മറ്റൊരു ഉദ്യോഗസ്ഥന്‍ അറിയിച്ചതാകട്ടെ മേല്‍പ്പറഞ്ഞ പ്രകാരമായിരുന്നു.
അയാളുടെ ആവേശം കണ്ടപ്പോള്‍ എനിക്ക് അരിശമാണുണ്ടായത്. മനുഷ്യജീവനല്ലേ കൊന്നുതള്ളുന്നത്! അതു കേള്‍ക്കുമ്പോള്‍ ആവേശം കൊള്ളുന്നു. സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗം അവസാനിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു കൊലപാതകമെന്നും സിബി മാത്യൂസ് പറയുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാറയില്‍ ശശിയെ കൂത്തുപറമ്പിന് അടുത്തുവച്ച് അതേ വര്‍ഷം ഒക്‌ടോബര്‍ 12ന് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് വീഴ്‌ത്തി കൊന്നതില്‍ ചില പോലീസുദ്യോഗസ്ഥര്‍ സന്തോഷിച്ചിരുന്നതായും സിബിമാത്യൂസ് വെളിപ്പെടുത്തുന്നു. കണ്ണൂര്‍ റേഞ്ച് ഡിഐജിയും ഇന്റലിജന്‍സ് ഐജിയും പ്രകടമായിത്തന്നെ സിപിഎമ്മിന് അനുകൂലമായി ഭരണം നടത്തുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ഇവരും ചേര്‍ന്ന് ദിവസേന നടത്തിയിരുന്ന ആശയവിനിമയങ്ങളുടെ ഫലമായി പോലീസ് സേനയില്‍ ഏകപക്ഷീയമായ കാര്യങ്ങളാണ് നടന്നിരുന്നത്.
കണ്ണൂര്‍ ടൗണിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീടു വാടകയ്‌ക്ക് എടുത്ത് കളിപ്പാട്ടങ്ങള്‍ വില്ക്കുന്ന സംഘം വ്യാപകമായി കള്ളനോട്ട് പ്രചരിപ്പിക്കുന്നതായി സംശയം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സിഐ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മദനിയുടെ ആളുകളാണെന്നും ഇ.കെ. നായനാരെ കൊലപ്പെടുത്തുന്നതിന് പദ്ധതിയുണ്ടാക്കിയതായും തെളിഞ്ഞു. കോയമ്പത്തൂര്‍ സ്‌ഫോടക്കേസില്‍ മദനിയെ അറസ്റ്റു ചെയ്തത് ഇ.കെ. നായനാര്‍ മന്ത്രിസഭയായിരുന്നു. ഇതിനു പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രി നായനാര്‍ കണ്ണൂര്‍ ജില്ലയില്‍ ഏതെങ്കിലും പൊതുപരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ അദ്ദേഹത്തിനു നേരെ ബോംബെറിയുന്നതിന് മദനിയുടെ അനുചരന്മാര്‍ പദ്ധതി ഇട്ടിരുന്നതായും കണ്ടെത്തിയിരുന്നു.
അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ബോംബു പൊട്ടിക്കാനുള്ള ശ്രമത്തിന്റെ അന്വേഷണത്തിനിടെ കരാട്ടെ ഫാറൂഖ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഉസ്താദ് എന്ന അനുചരന്മാര്‍ വിളിച്ചിരുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ നിര്‍ദ്ദേശപ്രകാരമാണ് തര്‍ക്ക മന്ദിരം തകര്‍ത്തതിന് പ്രതികാരം ചെയ്യാന്‍ പരിശീലനം നേടിയിരുന്നതെന്ന് ഫാറൂഖ് പോലീസിനോടു പറഞ്ഞു. പഴവങ്ങാടി ക്ഷേത്രത്തില്‍ തേങ്ങയടിക്കാനെന്ന പേരിലെത്തി സ്‌ഫോടകവസ്തുക്കള്‍ നിറച്ച തേങ്ങയുടച്ച് ബോംബു പൊട്ടിക്കാനുള്ള ശ്രമം ഭാഗ്യവശാല്‍ മാത്രമാണ് നടക്കാതെ പോയതെന്ന് സിബി മാത്യൂസ് പറയുന്നു.
















