കൊച്ചി : പെരിയ – കൊട്ടിയൂര്‍ ആനത്താര പുന: സ്ഥാപിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും പൂര്‍ത്തിയായാല്‍ വടക്കന്‍ കേരളത്തില്‍കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതു ഫലപ്രദമായി തടയാന്‍ കഴിയുമെന്നും വനംവകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു.
മേയ് 30 ന് അഗളിയില്‍ നിന്ന് പിടികൂടിയ കാട്ടാനയെ ക്രൂരമായി പീഡിപ്പിച്ചെന്നും ഇതിനെ കോടനാട്ടേക്ക് മാറ്റിയ നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടി എല്‍സ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വനം വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ആനത്താര പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വനമേഖലയെ ബന്ദിപ്പൂര്‍, നാഗര്‍ഹോള ദേശീയ കടുവാ സങ്കേതങ്ങളുമായും തമിഴ്‌നാട്ടിലെ മുതുമല ഉള്‍പ്പെടെയുള്ള വനമേഖലയുമായും ബന്ധിപ്പിക്കാന്‍ കഴിയും.
ഇതോടെ ഈ മേഖലകളില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് ഒഴിവാക്കാനാവുമെന്നും പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ കെ.ടി. വര്‍ഗീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
















