കുറ്റിയാടി: ജില്ലയില്‍ കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോട്ട് ചെയ്തിട്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. കുറ്റിയാടി, വേളം ദേവര്‍കോവില്‍ തളീക്കര, നരിക്കൂട്ടുംചാല്‍, തുടങ്ങി ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അടക്കം നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ചെറിയ കെട്ടിടങ്ങളില്‍ യാതൊരുവിധ സൗകര്യവുമില്ലാതെ താമസിക്കുന്നത്.
പഞ്ചായത്ത് അധികൃതര്‍ക്ക് പോലും ഇങ്ങിനെ താമസിക്കുന്ന തൊഴിലാളികളെ ക്കുറിച്ച് യാതൊരു വിവരവുമില്ല. സൗകര്യമില്ലാത്ത കെട്ടിടങ്ങളിലെ ഇടുങ്ങിയ മുറിക്കുള്ളില്‍ അഞ്ചും പത്തും തൊഴിലാളികളാണ് കഴിഞ്ഞു കൂടുന്നത്. ആവശ്യത്തിന് ശുചിമുറികളോ മറ്റ് സൗകര്യങ്ങളോ ഇത്തരം കെട്ടിടങ്ങളില്‍ ഇല്ലെന്ന് മാത്രമല്ല, ഇവരുടെ താമസ സ്ഥലങ്ങളില്‍ നിന്നുള്ള മലിന ജലം ഒഴുക്കിവിടുന്നതിന് മതിയായ സംവിധാനവുമില്ല. താമസ സ്ഥലങ്ങളിലെ ഖരമാലിന്യങ്ങളാവട്ടെ പുഴയോരത്തും തുറന്ന സ്ഥലങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. വീടിനോട് ചേര്‍ന്നുപോലും ചിലര്‍ കെട്ടിടങ്ങളുണ്ടാക്കി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നുണ്ട്. ഇവരില്‍ നിന്ന് വന്‍വാടക ഈടാക്കുമ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പല സംസ്ഥാനങ്ങളില്‍ നിന്നായി തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും മിക്ക കെട്ടിട ഉടമകളും പാലിക്കുന്നില്ല. തിരിച്ചറിയല്‍ രേഖകളോ യഥാര്‍ത്ഥ വിലാസമോ അന്വേഷിക്കാതെ വാടക മാത്രം ലക്ഷ്യമാക്കിയാണ് കെട്ടിട ഉടമകള്‍ ഇവരെ താമസിപ്പിക്കുന്നത്. അപകടങ്ങളും കേസുകളും ഉണ്ടാവുമ്പോള്‍ ഇത് പോലീസിനെയും മറ്റ് അധികൃതരെയും കുഴക്കുന്നതും പതിവാണ്.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ലക്ഷ്യമിട്ട് കഞ്ചാവും ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന സംഘവും സജീവമാണ്. കഴിഞ്ഞമാസം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കഞ്ചാവുമായി കുറ്റിയാടി പോലീസ് പിടികൂടിയിരുന്നു. കുറ്റിയാടി താലൂക്കാശുപത്രിയില്‍ ഡെങ്കിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. മന്ത് രോഗവും കുറ്റിയാടിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാവുന്നില്ല.
ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും അടിയന്തിര ഇടപെടല്‍ ഉണ്ടാവുന്നില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വളരെ മോശമായ സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്നും ,ഇത് തൊഴിലാളികള്‍ക്കിടയിലും പരിസര പ്രദേശങ്ങളിലും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുമെന്നും പറയുന്നുണ്ടെങ്കിലും ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
















