കോട്ടയം: നെഹ്രുട്രോഫി ലക്ഷ്യമിട്ട് കുമരകത്തുനിന്ന് ജലരാജാക്കന്മാര്‍ പോരിനായി പുന്നമടയിലേക്ക് പുറപ്പെട്ടു. ആഴ്ചകള്‍നീണ്ട പരിശീലനത്തിനൊടുവില്‍ തന്ത്രങ്ങളെല്ലാം പയറ്റിയാണ് അവര്‍ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നെഹ്രുട്രോഫി കുമരകത്താണ്. അത് നിലനിര്‍ത്താനുള്ള പോരാട്ടമാണ് പുന്നമടയില്‍ നടത്തുന്നത്.
കുമരകത്തുനിന്ന് ഈ വര്‍ഷം നെഹ്രുട്രോഫിയില്‍ അഞ്ച് ചുണ്ടനുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജേതാക്കളായ വേമ്പനാട് ബോട്ട്ക്ലബ് തുഴയുന്ന പായിപ്പാടന്‍, കുമരകം ടൗണ്‍ ബോട്ട്ക്ലബ് തുഴയുന്ന കാരിച്ചാല്‍, തിരുവാര്‍പ്പ് ബോട്ട്ക്ലബ് അങ്കം കുറിക്കുന്ന ചെറുതന, നവധാര ബോട്ട്ക്ലബ് മത്സരിക്കുന്ന കരുവാറ്റ പുത്തന്‍ചുണ്ടന്‍ എന്നിവ കൂടാതെ പ്രദര്‍ശന വിഭാഗത്തില്‍ മത്സരിക്കുന്ന ശ്രീകാര്‍ത്തികേയന്‍ എന്നിവയാണ് ചുണ്ടനുകള്‍. ശ്രീകാര്‍ത്തികേയനിലും വേമ്പനാട് ബോട്ട്ക്ലബാണ് മത്സരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജേതാക്കളായ വേമ്പനാട് ബോട്ട്ക്ലബ് ഹാട്രിക് ലക്ഷ്യമിട്ടാണ് മത്സരിക്കുന്നത്. മുന്‍വര്‍ഷത്തേത് പോലെ പട്ടാളക്കാരാണ് ക്ലബിന്റെ കരുത്ത്. കുമരകം ടൗണ്‍ ബോട്ട്ക്ലബ് നെഹ്രുട്രോഫി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി കശ്മീരില്‍നിന്ന് കരുത്തരായ തുഴച്ചില്‍ക്കാരെ എത്തിച്ചിട്ടുണ്ട്. മറ്റ് രണ്ട്ക്ലബുകളും പോരാട്ട വീര്യത്തില്‍ പിന്നിലല്ല.
കോട്ടാത്തോട്ടിലും മുത്തേരിമടയിലും ആഴ്കള്‍ നീണ്ട പരിശീലനത്തിന് ശേഷം ചുണ്ടനും തുഴച്ചില്‍ക്കാര്‍ക്കും ഇന്നലെ വിശ്രമമായിരുന്നു. പോരിനായി വെള്ളം തടിയില്‍ പറ്റാത്ത തരത്തില്‍ ചുണ്ടന്‍ വള്ളങ്ങളെ മിനുക്കിയെടുത്തു. രാവിലെ ആരാധാനലയങ്ങളില്‍ തുഴച്ചിലുകാര്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് കരക്കാരുടെ ആര്‍പ്പ് വിളികളുടെ അകമ്പടിയോടെ പുന്നമടയിലേക്ക് പോരിനായി പുറപ്പെട്ടു.
















