ആലപ്പുഴ: വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് രണ്ടായിരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പി, 33 സിഐ., 353 എസ്‌ഐ എന്നിവരുള്‍പ്പടെയാണിത്. രാവിലെ ആറു മുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്‌ക്കായി 40 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ആലപ്പുഴ നഗരം പൂര്‍ണ്ണമായും സിസിടിവി കാമറാ നിരീക്ഷണത്തിലായിരിക്കും.
വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഡോക്ക്ചിറയുടെ വടക്കുവശം കായലില്‍ മത്സര വള്ളങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ ഇടയൊരുക്കി ബാരിക്കേഡ് കെട്ടും. അതുവഴി മറ്റ് ജലയാനങ്ങള്‍ വള്ളംകളി ട്രാക്കിലേക്ക് കയറുന്നത് ഒഴിവാക്കും. കാണികളില്‍ നിന്നുള്ള അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കാന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിന്റെ ഇരുകരകളിലും സുരക്ഷയെ മുന്‍നിര്‍ത്തി ബാരിക്കേഡുകള്‍ സ്ഥാപിക്കും.
വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയില്‍ മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും മഫ്ടിയില്‍ നിയമിച്ചിട്ടുണ്ട്.
















