ആലപ്പുഴ: യുബിസി കൈനകരിയുടെ ചരിത്രം നെഹ്‌റുട്രോഫിയുടെയും ചരിത്രമാണ്. 65 വര്‍ഷത്തെ കണക്കെടുപ്പില്‍ ഒരു ഡസനോളം കീരീട നേട്ടങ്ങള്‍ പോരാടി നേടിയവര്‍. കൈക്കരുത്തും, നിശ്ചയ ദാര്‍ഢ്യവും കൈമുതലാക്കിയാണ് യുബിസി ഉത്തവണ പോരിനെത്തുന്നത്.
മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനിലാണ് ഇത്തവണ യുബിസിയുടെ അങ്കപ്പുറപ്പാട്. 1963ല്‍ ഗിയര്‍ഗോസ് ചുണ്ടനിലായിരുന്നു പുന്നമടയിലെ യുബിസിയുടെ പടയോട്ടത്തിനു തുടക്കം കുറിച്ചത്. അതുവരെയുള്ള നെപ്പോളിയന്റെയും, കാവാലത്തിന്റെയും കുത്തക അവസാനിപ്പിച്ചത് ഹാട്രിക് നേട്ടത്തിലൂടെയായിരുന്നു. 68 ലും, 70 ലും വരവറിയിച്ച യുണൈറ്റഡ് ബോട്ട് ക്ലബ്ബ് 76, 79, വര്‍ഷങ്ങളിലും വിജയമാവര്‍ത്തിച്ചു.
89, 90, 91 വര്‍ഷങ്ങളില്‍ വീണ്ടും ഹാട്രിക് നേട്ടവുമായി കൈക്കരുത്ത് തെളിയിച്ചു. ഇതിനിടെ യുബിസിയുടെ പിളര്‍പ്പിനെത്തുടര്‍ന്നു രൂപംകൊണ്ട ക്ലബുകളും പുന്നമടയില്‍ ചരിത്രമെഴുതി.
പിന്നീടങ്ങോട്ട് കുമരകത്തിന്റെയും കൊല്ലത്തിന്റെയും ആധിപത്യമായിരുന്നു പുന്നമടയില്‍. ഈ കുത്തകയവസാനിപ്പിച്ചു കുട്ടനാടിന് കൈമോശം വന്ന് നെഹ്‌റുട്രോഫി തിരിച്ചുപിടിക്കാന്‍ യുബിസി തന്നെ വേണ്ടിവന്നു. 2014ല്‍ ജോര്‍ജ് തോമസിന്റെ ക്യാപ്റ്റന്‍സിയില്‍ ചമ്പക്കുളം പുത്തന്‍ ചുണ്ടനിലായിരുന്നു ഈ തിരിച്ചുവരവ്. ഇക്കൊല്ലത്തെ നെഹ്‌റു ട്രോഫിക്കായി കൈനകരിയാറ്റില്‍ 20 ദിവസത്തെ കഠിന പരിശീലനമാണ് യുബിസി നടത്തിയത്.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നെഹ്‌റു ട്രോഫി നേടിയ ക്ലബ്. 2015 ല്‍ നീരണഞ്ഞ്, കഴിഞ്ഞവര്‍ഷം കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി സ്വന്തമാക്കിയ ചുണ്ടന്‍. നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ കരുത്തരായ ഈ സഖ്യം ഒന്നിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
കോയില്‍മുക്ക് നാരായണനാചാരിയുടെ മകന്‍ ഉമാമഹേശ്വരന്‍ ആചാരിയുടെ കരവിരുതില്‍ പിറന്ന ഒന്‍പതാമത്തെ ചുണ്ടനാണു കാട്ടില്‍തെക്കേതില്‍. അന്‍പത്തി മൂന്നേകാല്‍ കോല്‍ നീളവും അമ്പത്തിമൂന്ന് അംഗുലം വണ്ണവും വള്ളത്തിനുണ്ട്. ക്യാപ്റ്റന്‍ സുനില്‍ ജോസഫ്. ലീഡിങ് ക്യാപ്റ്റന്‍ വക്കച്ചന്‍ തേവര്‍കാട്. എണ്‍പത്തിഒന്‍പതു തുഴക്കാരും അഞ്ച് അമരക്കാരും ഒന്‍പതു നിലക്കാരുമുണ്ടാകും.
















