തൊടുപുഴ: ചാറ്റിങിലൂടെ മോഷണം നടത്തിയ സംഭവത്തില്‍ യുവാവ് അപഹരിച്ച മോഷണമുതലുകള്‍ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് പ്രതി കവര്‍ന്ന ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവയാണ് പോലീസ് കണ്ടെത്തിയത്. പാലക്കാട് കൈതച്ചിറ സ്വദേശി സുല്‍ത്താന്‍ അലാവുദ്ദീന്‍ ആണ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്.
തൊടുപുഴ സ്വദേശിയായ യുവാവിനെ പ്രകൃതിവിരുദ്ധ ലൈഗിക ബന്ധത്തിലൂടെ ചൂഷണം ചെയ്ത ശേഷമാണ് ഇയാള്‍ മോഷണം നടത്തുന്നത്. രാത്രി മദ്യലഹരിയില്‍ യുവാവ് ഉറങ്ങി കിടക്കുമ്പോള്‍ പ്രതി മോഷണം നടത്തി മുങ്ങുകയായിരുന്നു. പോലീസ് സംഘം ചാറ്റിങിലൂടെ തന്നെ പ്രതിയെ വലയിലാക്കി തൊടുപുഴയിലെത്തിച്ച് പിടികൂടുകയായിരുന്നു.
പ്രതിയെ ബുധനാഴ്ച തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇന്നലെ ഉച്ചയോടെ പ്രതി മോഷണ മുതലുകള്‍ സൂക്ഷിച്ചിരുന്ന മധുര പൊള്ളാച്ചിയിലെ തറവാട് വീട്ടിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് മോഷണമുതലുകള്‍ കണ്ടെത്തിയത്. ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍, നാല് എറ്റിഎം കാര്‍ഡുകള്‍, ബാഗ് എന്നിവയാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
പ്രതി കവര്‍ന്ന 11000 രൂപയും പവര്‍ബാങ്കും കണ്ടെത്താനായിട്ടില്ല. പണം ചിലവായതായാണ് പ്രതി നല്‍കുന്ന മൊഴി. രാത്രി 8 മണിയോടെ പോലീസ് സംഘം തിരിച്ച് തൊടുപുഴയിലെത്തി. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. തൊടുപുഴ സ്റ്റേഷനിലെ അഡി.എസ്‌ഐ നാസര്‍, എസ്എസ്‌ഐ അബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയുമായി പൊള്ളാച്ചിയിലേക്ക് പോയത്.
















