ഇരിട്ടി: ഇരിട്ടിയുടെ മലയോര മേഖലയില്‍ പുതുതായി ഒരു മദ്യ വില്‍പ്പന ശാലകൂടി തുറക്കാന്‍ നീക്കം. ഇതിനായി കഴഞ്ഞ ദിവസം ഉളിക്കല്‍ പഞ്ചായത്തിലെ ചിലയിടങ്ങളില്‍ ബീവറേജസ് അധികൃതര്‍ എത്തി പരിശോധന നടത്തി.
മദ്യശാലകള്‍ തുറക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്നു പൂട്ടിയ ബാറുകള്‍ അടക്കം ഇരിട്ടിയുടെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ചു മദ്യ വില്പനശാലകളാണ് മലയോര മേഖലയില്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഉളിക്കലില്‍ ഒരു ബീവറേജസ് മദ്യവില്‍പ്പന ശാലകൂടി തുറക്കുമ്പോള്‍ ഇത് ആറായി ഉയരും. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് കണ്ണൂര്‍ ദേശീയപാതയോരത്തുനിന്നിം മാറ്റിയ ബീവറേജസ് ഔട്ട് ലെറ്റാണ് ഇവിടേക്ക് മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് അറിയുന്നത്.
മുമ്പ് ഉളിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസിന്റെ ചില്ലറ വില്പനശാല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഇവിടുത്തെ ജനങ്ങളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് പൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഉളിക്കലില്‍ പുതിയ മദ്യ വില്പനശാല തുറക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.
















