കണ്ണൂര്‍: കോര്‍പ്പറേഷന്‍ രൂപീകരിച്ചു എന്ന കാരണത്താല്‍ ഓട്ടോറിക്ഷ മേഖലയിലെ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ നിലവില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന യാത്രാനിരക്കിലും സര്‍വ്വീസിലും കുറവുണ്ടാക്കുന്ന ഒരു പരിഷ്‌കാരവും തൊഴിലാളികള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്‍ രൂപീകരിച്ചതിന്റെ പേരില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷകളുടെ ചാര്‍ജ്ജ് ഏകീകരിക്കണമെന്നും കുറക്കണമെന്നുമുള്ള റസിഡന്‍സ് അസോസിയേഷന്റെ നിലപാട് തൊഴിലാളി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവും അശാസ്ത്രീയവുമാണെന്നും യാത്രക്കാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഓട്ടോറിക്ഷ സര്‍വീസ് ഇല്ലാതാകുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാവുകയെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ രണ്ടര കിലോമീറ്ററുള്ള കണ്ണൂര്‍ നഗരത്തില്‍ മാത്രമാണ് മീറ്റര്‍ ചാര്‍ജ്ജ് ഈടാക്കിവരുന്നത്. ടൗണിന് പുറത്തേക്കുള്ള സര്‍വ്വീസിന് ടൗണ്‍ പരിധിവരെ തിരിച്ചെത്താനുള്ള റിട്ടേണ്‍ ചാര്‍ജ്ജ് ഈടാക്കാന്‍ അനുവാദവുമുണ്ട്. എന്നാല്‍ 83 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കോര്‍പ്പറേഷന്‍ പ്രദേശം മുഴുവന്‍ മീറ്റര്‍ ചാര്‍ജ്ജിന് പോകണമെന്ന ചിലരുടെ വാദം ഈ മേഖലയെക്കുറിച്ചോ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ അറിയാത്തതിനാലാണെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി.
















