പൂച്ചാക്കല്‍: പോലിസ് പിടികൂടിയ വള്ളങ്ങള്‍ വേമ്പനാട്ട് കായലില്‍ കെട്ടിക്കിടക്കുന്നതിനാല്‍ കായലില്‍ മത്സ്യബന്ധനത്തിന് തടസം നേരിടുന്നതായി മത്സ്യത്തൊഴിലാളികളുടെ പരാതി. കൂടാതെ വള്ളങ്ങള്‍ ഇങ്ങനെ കിടക്കുന്നതിനാല്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്.
പാണാവള്ളി പഞ്ചായത്ത് ആലുംമാവുങ്കല്‍ കടവിനോട് ചേര്‍ന്നുള്ള കായലിലാണ് ചെറുതും വലുതായ നൂറ് കണക്കിന് വള്ളങ്ങള്‍ തകര്‍ന്ന് കിടക്കുന്നത്. വേമ്പനാട്ട് കായലില്‍ നിന്ന് അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ച വള്ളങ്ങളാണ് പൂച്ചാക്കല്‍ പോലിസ് പിടികൂടി കടവില്‍ കെട്ടിയിട്ടിരിക്കുന്നത്.
എന്നാല്‍ വര്‍ഷങ്ങളായി വള്ളങ്ങള്‍ കായലില്‍ നിന്നും നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. വള്ളങ്ങള്‍ പൂര്‍ണമായും തകര്‍ന്ന് കായലില്‍ താഴന്ന നിലയിലാണ്. ഇത് മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കായല്‍ ഭാഗത്തൂടെയുള്ള യാത്രയും മത്സ്യബന്ധനവും തടസപ്പെടുന്നെന്നാണ് പരാതി.
മത്സ്യവകുപ്പ് ഇടപെട്ട് അവ നീക്കം ചെയ്യുകയോ, ലേലം ചെയ്യുകയോ ചെയ്തിട്ടില്ല. കായലില്‍ ഒഴുക്കുന്ന മാലിന്യങ്ങള്‍ വളളങ്ങളുടെ അവശിഷ്ടങ്ങളില്‍ തങ്ങിക്കിടന്ന് അസഹനീയമായ ദുര്‍ഗന്ധമാണെന്നും ഛര്‍ദി അനുഭവപ്പെടുന്നെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ശവസംസ്കാര അവശിഷ്ടങ്ങള്‍ ചാക്കിലാക്കി കടവില്‍ നിക്ഷേപികുന്നതും പതിവായതിനാല്‍ ഇതിനെതിരെ പാണാവള്ളി പഞ്ചായത്ത് കടവില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചുവെങ്കിലും ഇത് അവഗണിച്ചാണ് അവശിഷ്ടങ്ങള്‍ തള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: