പാലാ: കോറം തികയാത്തതിനാല്‍ പാലാ നഗരസഭാ മാര്‍ക്കറ്റ് കോംപ്ലക്‌സ് വിഷയം ചര്‍ച്ച ചെയ്യാനുള്ള സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ഇന്നലെ നടന്നില്ല. കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കൗണ്‍സിലര്‍മാര്‍ എത്താഞ്ഞത് എന്നാണ് ആരോപണം.
മുനിസിപ്പല്‍ ഓഫീസില്‍ എത്തിയ കൗണ്‍സിലര്‍മാരില്‍ മിക്കവരും സ്‌പെഷ്യല്‍ കൗണ്‍സില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല.
അങ്ങനെ മാര്‍ക്കറ്റ് കോംപ്ലക്‌സ് ലേല വിഷയത്തിന്റെ നില വീണ്ടും പരുങ്ങലിലായി.
കഴിഞ്ഞയാഴ്ച പാര്‍ട്ടി ലീഡര്‍ കെ.എം മാണി, മാണി ഗ്രൂപ്പ് അംഗങ്ങളായ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയെല്ലാം സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തി മാര്‍ക്കറ്റ് കോംപ്ലക്‌സ് വിഷയത്തില്‍ മുറികള്‍ ഒന്നിച്ചുള്ള ലേലം വേണ്ടെന്ന് സ്‌പെഷ്യല്‍ കൗണ്‍സില്‍ കൂടി തീരുമാനമെടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്കിയിരുന്നതാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ ഈ നിര്‍ദ്ദേശം പോലും കൗണ്‍സിലര്‍മാര്‍ നിരാകരിച്ചു എന്നതിന്റെ തെളിവായി ഇന്നലെ നടക്കാതിരുന്ന കൗണ്‍സില്‍ യോഗം.
ഇന്നലെ മൂന്നിന് സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ചേരുമെന്നായിരുന്നു അറിയിപ്പ്.
എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂറോളമായിട്ടും ആകെയുള്ള 26 കൗണ്‍സിലര്‍മാരില്‍ യോഗത്തിനെത്തിയത് 7 പേര്‍ മാത്രം കൗണ്‍സില്‍ യോഗത്തില്‍ ‘പതിവുള്ള കാപ്പികുടി’ കഴിഞ്ഞ ഉടന്‍, കോറം തികയാത്തതിനാല്‍ യോഗം പിരിച്ചുവിട്ടതായി ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി അറിയിക്കുകയായിരുന്നു.
















