രാജാക്കാട്: ആനയിറങ്കലില്‍ ബോട്ടിങ് നിര്‍ത്തുന്നത് സംബന്ധിച്ച് നിരീക്ഷണം നടത്തി പരിശോധിക്കുമെന്നും കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ കണക്കെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേവികുളം ഡിഎഫ്ഒ നരേന്ദ്ര ബാബു.
മുമ്പ് കാട്ടനയടക്കമുള്ള വന്യ ജീവികള്‍ വെള്ളം കുടിക്കുന്നതിനും തീറ്റതേടുന്നതിനും എത്തിയിരുന്നത് ആനയിറങ്കല്‍ ജലാശയത്തിന് സമീപത്തായിരുന്നു. എന്നാല്‍ ബോട്ടിങ് ആരംഭിച്ചതിന് ശേഷം ഇത് വന്യ മൃഗങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും വെള്ളം കുടിക്കാനും തീറ്റതേടുന്നതിനും കാട്ടാനകള്‍ ഇവിടേയ്‌ക്ക് എത്താത്ത സാഹചര്യമാണെന്നും ഇത് മൂലമാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
നിലവില്‍ ആനയിറങ്കല്‍ പ്രദേശത്തടക്കം കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവമായി എടുക്കുകയും കൂടുതല്‍ നിരീക്ഷണം നടത്തി ബോട്ടിങ് നിര്‍ത്തുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും നരേന്ദ്രബാബു പറഞ്ഞു.
ആദിവാസികുടുംബങ്ങളുടെ എണ്ണവും മറ്റ് വിവരവും ശേഖരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മാറ്റി പാര്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഡി എഫ് ഒ പറഞ്ഞു. എന്നാല്‍ ആനയിറങ്കലിലെ ഹൈഡല്‍ ടൂറിസം പദ്ധതി അട്ടിമറിയ്‌ക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
















