മുക്കം: അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ നല്‍കാതെയും നല്‍കുന്ന സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയും റേഷന്‍ കടയുടമ ആദിവാസികളെ ചൂഷണം ചെയ്യുന്നതായി പരാതി. എന്നാല്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ആരോപണം. കാരശേരി ഗ്രാമപഞ്ചായത്തിലെ മൈസൂര്‍ മല വാര്‍ഡിലെ റേഷന്‍ കടയുടമക്കെതിരെയാണ് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
കൂടുതല്‍ കാര്‍ഡുടമകളും ആദിവാസികളായ ഇവിടെ 2017 ഫെബുവരിയില്‍ അനുവദിക്കപ്പെട്ട എഎവൈ, ബിപിഎല്‍ കാര്‍ഡുടമകളുടെ പേരില്‍ അളവില്‍ കവിഞ്ഞ റേഷന്‍ സാധനങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണകളായി വാങ്ങിയതായി കണക്കിലും ബില്ലിലും രേഖപ്പെടുത്തി 559 കിലോ അരിയും 102 കിലോ ഗോതമ്പും തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയതായി പരാതിയില്‍ പറയുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. മഴയും പനിയും കാരണം പണിയില്ലാത്ത അവസ്ഥയില്‍ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തിലാണ്.
റേഷന്‍ സാധനങ്ങള്‍ തട്ടിയെടുത്തെന്ന് കാണിച്ച് ആദിവാസികള്‍ തന്നെ പരാതിയുമായി രംഗത്ത് വന്നിട്ടും നടപടി സ്വീകരിക്കാത്ത ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നടപടി സ്വീകരിച്ചില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.
















