കശ്മീർ: ലഷ്കർ ഇ ത്വയ്ബയുടെ ചീഫ് കമാൻഡർ അബു ദുനാജയെ വധിച്ചതിനെ തുടർന്ന് സംഘടനയുടെ പുതിയ നേതാവായി കൊടും ഭീകരൻ അബു ഇസ്മയിലിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസമാണ് പുൽവാമയിൽ വച്ച് ലഷ്കർ ഇ ത്വയ്ബയുടെ തലവനായ അബു ദുനാജയെ 7 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാ സേന വധിച്ചത്.
ഇപ്പോൾ ചുമതലയേറ്റ പാക്കിസ്ഥാൻകാരനായ അബു ഇസ്മയിൽ അതിർത്തിയിലും കശ്മീർ താഴ്‌വരയിലുമായി നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തെക്കൻ കശ്മീരിൽ അബു ഇസ്മയിൽ താവളമുറപ്പിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിക്കുന്ന വിവരം. ഇയാൾക്കും മറ്റ് ഭീകരർക്കുമായി സൈന്യം തെക്കൻ കശ്മീരിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അടുത്തിടെ അമർനാഥ് തീർത്ഥാടകർക്കു നേരെ നടത്തിയ ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചത് അബു ഇസ്മയിലായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ തീർത്ഥാടകർക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 19 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
















