കൊളംബൊ: നാളെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പിച്ചില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യയിറങ്ങുമ്പോള്‍ രണ്ടാം വന്മതിലിന് അമ്പതാം ടെസ്റ്റ്. 50 ടെസ്റ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്ക് ചേതേശ്വര്‍ പൂജാരയും. നിലവിലെ ടീമില്‍ വിരാട് കോഹ്‌ലിയും (58), ആര്‍. അശ്വിനും (50) മാത്രമാണ് പൂജാരയ്‌ക്ക് മുന്നില്‍.
രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും കളമൊഴിഞ്ഞപ്പോള്‍ അവരുടെ പകരക്കാരനെന്ന നിലയിലാണ് പൂജാരയെ ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. അതിനോട് നീതിപുലര്‍ത്താനായി സൗരാഷ്‌ട്ര താരത്തിന്. 2010 ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവില്‍ അരങ്ങേറ്റം. അന്ന് രണ്ടാമിന്നിങ്‌സില്‍ 72 റണ്‍സ് നേടി. പിന്നീട് 2012 മുതലാണ് ടീമില്‍ സ്ഥിരമായത്. 49 ടെസ്റ്റില്‍ 52.18 ശരാശരിയില്‍ 3,966 റണ്‍സ് സമ്പാദ്യം.
നാലായിരം ക്ലബ്ബിലെത്താന്‍ 34 റണ്‍സ് കൂടി. അമ്പതാം മത്സരം നാലായിരം ക്ലബ് അംഗത്വത്തോടെ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് പൂജാര. 12 സെഞ്ചുറിയും 15 അര്‍ധശതകങ്ങളും ആ ബാറ്റില്‍ നിന്ന് പിറന്നു. പുറത്താകാതെ 206 ഉയര്‍ന്ന സ്‌കോര്‍. മൂന്നു തവണ ഇരട്ട സെഞ്ചുറി നേടി.
















