ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗങ്ങളും ലയിക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട്ടില്‍ തിരക്കിട്ട ചര്‍ച്ച. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം നേതൃത്വം നല്‍കുന്ന വിഭാഗവുമാണ് ലയിക്കാന്‍ തയാറെടുക്കുന്നത്.
മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയിലിലായതു മുതല്‍ ലയന ചര്‍ച്ചകള്‍ സജീവമായിരുന്നു. ശശികലയുടെ മരുമകനും മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരന്‍ കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ലയനത്തിനുള്ള ഊര്‍ജിത നീക്കം ആരംഭിച്ചതാണ്. ശശികലയേയും ദിനകരനേയും അനുയായികളേയും പാര്‍ട്ടിയില്‍ നിന്നു പൂര്‍ണമായി പുറത്താക്കണം എന്ന ഉപാധിയാണ് പനീര്‍ശെല്‍വം ആദ്യം മുന്നോട്ടു വെച്ചത്.
പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമായി. ജയലളിത മരിക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തിന് ആ സ്ഥാനം തിരിച്ചു നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പളനിസ്വാമി മുഖ്യമന്ത്രിയായി തുടരട്ടെ, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറിയാവട്ടെ എന്ന നിര്‍ദേശം മറുവിഭാഗം അവതരിപ്പിച്ചു.
ഇടക്കാലത്ത് നിലച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായത്. എഐഎഐഡിഎംകെയുടെ ഇരുവിഭാഗങ്ങളും ലയിച്ച് എന്‍ഡിഎയുടെ ഭാഗമാകാനാണ് നീക്കം.
അതുകൊണ്ടു തന്നെ ചര്‍ച്ചകളില്‍ ബിജെപിയും അനൗദ്യോഗികമായി ഇടപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷ തമിളിശൈ സൗന്ദര്‍രാജന്‍ നിഷേധിച്ചു. എഐഡിഎംകെയിലെ ലയനചര്‍ച്ചകള്‍ അവരുടെ ആഭ്യന്തരകാര്യമാണ്. ഇപ്പോള്‍ അതെക്കുറിച്ച് പ്രതികരിക്കാനില്ല. ലയനം പൂര്‍ത്തിയായി അവര്‍ നിലപാടു പറയുമ്പോള്‍ ബിജെപി തീരുമാനമെടുക്കും, തമിളിശൈ പറഞ്ഞു.
എഐഎഡിഎംകെക്ക് രണ്ടു സഭകളിലുമായി പാര്‍ലമെന്റില്‍ 50 അംഗങ്ങളുണ്ട്. ഇവരുടെ പിന്തുണ മാത്രമല്ല, 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കരുത്തുറ്റ രാഷ്‌ട്രീയ സഖ്യവും ബിജെപി ലക്ഷ്യമിടുന്നു.
ഇരു വിഭാഗവും ഇപ്പോള്‍ത്തന്നെ എന്‍ഡിഎയ്‌ക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിടുക്കം വേണ്ട, എല്ലാക്കാര്യത്തിലും സമവായമുണ്ടായതിനു ശേഷം ഔദ്യോഗികമായ ലയനവും എന്‍ഡിഎ പ്രവേശവും മതി എന്നാണ് ബിജെപി നിലപാട്.
















