മുംബൈ: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ മുന്‍ ഡിഐജി ഡി.ജി. വന്‍സാരയെ സിബിഐ കോടതി കുറ്റവിമുക്തനാക്കി, വെറുതെ വിട്ടു. സൊഹ്‌റാബുദീന്‍ ഷെയ്ഖ്, തുള്‍സിറാം പ്രജാപതി എന്നിവര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണ് പിന്നീട് വ്യാജ ഏറ്റുമുട്ടല്‍ കേസായി മാറിയത്.
2005ലായിരുന്നു സംഭവം. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ തോയ്ബയുമായി ബന്ധമുള്ള അധോലോക കുറ്റവാളി സൊഹ്‌റാബുദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ ബി, സൊഹ്‌റാബുദീന്റെ കൂട്ടാളി തുള്‍സിറാം എന്നിവരെ വന്‍സാരയും രാജസ്ഥാനില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ എം.എന്‍. ദിനേഷും ഉള്‍പ്പെട്ട ഭീകരവിരുദ്ധ പോലീസ് സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്. മൂന്നു ദിവസത്തിനു ശേഷം, ഇവരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിനെ വെട്ടിച്ചു കടന്നു കളയാനുള്ള നീക്കത്തിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു ഇവര്‍.
ഒരു വര്‍ഷത്തിനുശേഷം ബനസ്‌കന്ദ എന്ന പ്രദേശത്തു വെച്ച് മറ്റൊരു ഏറ്റുമുട്ടലില്‍ തുള്‍സിറാമും കൊല്ലപ്പെട്ടു. മൂന്നുപേരെയും വ്യാജ ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു എന്നാണ് സിബിഐ കേസ്. അഹമ്മദാബാദിലെ സെന്‍ട്രല്‍ ജയിലില്‍ ഏഴു വര്‍ഷം വന്‍സാരയും ദിനേഷും തടവു ശിക്ഷ അനുഭവിച്ചു. ഇരുവര്‍ക്കും പിന്നീട് കോടതി ജാമ്യം അനുവദിച്ചു. വന്‍സാര 2014ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു.
വന്‍സാരക്കൊപ്പം ദിനേഷിനേയും ഇന്നലെ മുംബൈയിലെ സിബിഐ കോടതി വെറുതെ വിട്ടു. ഇതോടെ കേസില്‍ ഉള്‍പ്പെട്ടിരുന്ന പതിനഞ്ചുപേരെയും സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഒടുവില്‍ സത്യം ജയിച്ചു എന്നാണ് വന്‍സാര വിധിയോടു പ്രതികരിച്ചത്.
സംഭവം നടക്കുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും സിബിഐ കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. അമിത് ഷായെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയതാണ്.
















