രാജാക്കാട്: മാലിന്യം കുമിഞ്ഞ് കൂടി പൂപ്പാറ ടൗണ്‍ നാറുന്നു. മാലിന്യം സംസ്‌ക്കരിക്കുന്നതിന് വേണ്ട യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കുന്നില്ല.
ഹോട്ടലുകള്‍ അടക്കമുള്ള ചെറുതും വലുതുമായ നൂറ് കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് ഇടുങ്ങിയ ടൗണില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കടകള്‍ക്ക് മുമ്പിലും, ടൗണിന്റെ പല പ്രദേശങ്ങളിലുമായി കൂട്ടിയിടുകയാണ് ചെയ്യുന്നത്. കടകള്‍ക്ക് മുമ്പില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഇവിടെ ടൗണ്‍ ക്ലീനിങിന് ഒരാളെ നിയമിച്ചിട്ടുണ്ട് എന്നാല്‍ കൃത്യമായി ശമ്പളം വാങ്ങുന്നതല്ലാതെ ഇയാള്‍ ക്ലീനിങ് നടത്തുന്നില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ മഴക്കാലം സജീവമായതോടെ ഘര, ജൈവമാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞ പൂപ്പാറ ടൗണ്‍ ഇവയില്‍ നിന്നു
ള്ളദുര്‍ഗന്ധത്താല്‍ നിറഞ്ഞിരിക്കുകയാണ്.
ടൗണില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ മഴക്കാലമെത്തിയതോടെ പെയ്തിറങ്ങുന്ന മഴവെള്ളത്തില്‍ ഒഴുകിയെത്തുന്നത് പന്നിയാര്‍ പുഴയിലേയക്കും. ഇതാണെങ്കില്‍ നൂറ് കണക്കിന് ആളുകളുടെകുടിവെള്ള സ്രോതസുകൂടിയാണ്. ഇത് മാത്രമല്ല ടൗണിന് പരിസരത്തായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി അറവു ശാലകളാണുള്ളത്.
ഇവിടെ നിന്നുള്ള മലിന ജലവും, അറവ് മാലിന്യങ്ങളും ഒഴുകി എത്തുന്നതും പുഴയിലേയ്‌ക്കാണ്. ടൗണില്‍ ഓടയും മറ്റ് സംവിധാനങ്ങളും ഇല്ലാത്തതിനാല്‍ ഹോട്ടലുകളിലേയും മലിന ജലവും, മറ്റ് മാലിന്യങ്ങളും പി വി സി പൈപ്പുകള്‍ വഴി ഒഴുക്കി വിടുന്നതും പുഴയിലേക്ക് തന്നെ. ശുചിത്വ പരിപാലനത്തില്‍ ആരോഗ്യകേരളം മാതൃക എന്ന് നമ്മള്‍ അവകാശപ്പെടുമ്പോള്‍ ഇതൊക്കെ വെറും പ്രഹസനമാകുന്നു എന്നതാണ് സത്യം.
















