ന്യൂദല്‍ഹി: ഉറുഗ്വെയുടെ മധ്യനിരതാരം മത്തിയാസ് മിറാബ്ജി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിനായി കളിക്കും.മത്തിയാസുമായി കരാറുണ്ടാക്കിയതായി ഡൈനാമോസ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കാന്‍ ഡൈനാമോസിലെത്തുന്ന രണ്ടാമത്തെ വിദേശ താരമാണ് മത്തിയാസ്. ബ്രസീലിന്റെ പോളിഞ്ഞോയാണ് ഡൈനാമോസിലെത്തിയ ആദ്യ വിദേശതാരം.
നാസിയോണല്‍ ഡി ഉറുഗ്വെ, സാന്‍ ലോറെന്‍സോ, അത്‌ലറ്റിക്കോ പരാനീന്‍സി തുടങ്ങിയ ടീമുകള്‍ക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച കളിക്കാരനാണ് മത്തിയാസ്.
2014 ല്‍ കോപ്പ ലിബര്‍റ്റഡോര്‍സ് കപ്പ് നേടിയ സാന്‍ ലോറന്‍സോ ടീമംഗമായിരുന്നു. ആവര്‍ഷം തന്നെ ഫിഫ ക്ലബ്ബ് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയ ടീമിലും മത്തിയാസ് അംഗമായിരുന്നു.
അണ്ടര്‍- 20 ലോകകപ്പില്‍ ഉറുഗ്വെയുടെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ടീം അന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.
പുതിയ ടീമിലെത്തിയതില്‍ സന്തോഷമുണ്ട്. ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വെല്ലുവിളിയാകുമെന്ന് മത്തിയാസ് പറഞ്ഞു.
മത്തിയാസ് ഡൈനാമോസില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്. പരിചയസമ്പത്തുളള കളിക്കാരനാണ്. മധ്യനിരയില്‍ മത്തിയാസ് കരുത്തു പകരുമെന്ന് ഡൈനാമോസിന്റെ ഡയറക്ടര്‍ റോഹന്‍ ശര്‍മ വെളിപ്പെടുത്തി.
















