കോഴിക്കോട്: ദേശീയ പാതയിലെ മൂരാട് പാലം അപകടാവസ്ഥയിലായതിനാല്‍ പുതിയ പാലം പണിയുന്നതിനായി നേരത്തെ ഏറ്റെടുത്ത സ്ഥലം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൊതുമരാമത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിക്കും.
എം.എല്‍.എമാരായ സി.കെ. നാണു, കെ. ദാസന്‍ എന്നിവര്‍ പൊതുമരാമത്ത് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. പുതിയ പാലത്തിനായി നേരത്തെ ഏറ്റെടുത്ത സ്ഥലം വീണ്ടും ഏറ്റെടുക്കേണ്ടതുണ്ടോ എന്ന കാര്യം കളക്ടര്‍ പരിശോധിക്കും. അതിന് ശേഷം ദേശീയ പാത അതോറിറ്റിയുടെ അലൈന്‍മെന്റിന്റെ അടിസ്ഥാനത്തില്‍ പുതിയ പാലം നിര്‍മിക്കും. മൂരാട് പുതിയ പാലത്തിനായി കഴിഞ്ഞ ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചിരുന്നു.
76 വര്‍ഷം പഴക്കമുള്ള പാലത്തിന് അഞ്ചര മീറ്റര്‍ മാത്രമാണ് വീതി. നടപ്പാതയുമില്ല. നിലവിലെ ഭാരം താങ്ങാനുള്ള ശേഷി ഇപ്പോള്‍ പാലത്തിനില്ല. പുതിയ പാലത്തിനായി ദേശീയ പാത അതോറിറ്റി സര്‍വേ നടത്തിയിട്ടുണ്ടെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
















